ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ: ടാറ്റാ സണ്‍സ് ഓഹരി വിപണിയിലേക്ക്

0
460

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റാ സണ്‍സ് ഓഹരി വിപണിയിലേക്ക്. ടാറ്റാ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പന (IPO) 2025 സെപ്റ്റംബറിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും ഇത്.

നിലവില്‍ 11 ലക്ഷം കോടി രൂപയാണ് ടാറ്റാ സണ്‍സിന്റെ വിപണിമൂല്യം. ഇതില്‍ 5 ശതമാനം ഓഹരി ഐ.പി.ഒയിലൂടെ വിറ്റഴിച്ചാൽ തന്നെ അത് 55,000 കോടി രൂപ വരും. 2022ല്‍ എല്‍.ഐ.സി കുറിച്ച 21,000 കോടി രൂപയുടെ ഐ.പി.ഒയാണ് നിലവിലെ റെക്കോർഡ്. ‘അപ്പർ-ലെയർ’ എൻ‌ബി‌എഫ്‌സി (നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി) ആയതോടെ ആണ് ടാറ്റ സൺസ് ഷെയർ ലിസ്റ്റിംഗിനായി തയ്യാറെടുക്കുന്നത്. ആർ‌ബി‌ഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ‘അപ്പർ-ലെയർ’ എൻ‌ബിഎഫ്‌‌സിയായി വിജ്ഞാപനം ചെയ്ത് മൂന്ന് വർഷത്തിനുള്ളിൽ കമ്പനി ലിസ്റ്റ് ചെയ്യണം.

എന്നാൽ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, ചെയര്‍മാന്‍ എമരിറ്റസ് രത്തന്‍ ടാറ്റ എന്നിവര്‍ക്ക് ടാറ്റാ സണ്‍സിനെ ഓഹരി വിപണിയിലെത്തിക്കാന്‍ താത്പര്യമില്ലെന്നാണ് വിവരം. കമ്പനിയുടെ പ്രവര്‍ത്തനഘടന പുനഃക്രമീകരിച്ച് അപ്പര്‍ ലെയറില്‍ നിന്ന് പുറത്തുകടക്കാനും അതുവഴി ഐ.പി.ഒ ഒഴിവാക്കാനും ടാറ്റാ സണ്‍സ് ശ്രമിച്ചേക്കുമെന്നും സൂചനകളുണ്ട്.