ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ആഡംബര ഹോട്ടലായ ഒബ്റോയ് അമർവിലാസ്. ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ചരിത്ര പ്രസിദ്ധമായ ഗിൽഡ്ഹാളിലാണ് പ്രഖ്യാപനം നടന്നത്. ലോകത്തെ ആറ് ഭൂഖണ്ഡങ്ങളിലെ 35 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ആഡംബര ഹോട്ടലുകളില്‍ നിന്നാണ് പട്ടിക തയ്യാറാക്കിയത്.
ലേക് കോമോയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ആഡംബര ബോട്ടിക് ഹോട്ടലായ പാസലാക്വയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. റോസ്വുഡ് ഹോങ്കോംഗ് രണ്ടാം സ്ഥാനവും, ചാവോ ഫ്രായ നദിയിൽ സ്ഥിതി ചെയ്യുന്ന ഫോർ സീസൺ ബാങ്കോക്ക് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
45-ാം സ്ഥാനത്തെത്തിയ ആഗ്രയിലെ ഒബ്റോയ് അമർവിലാസ് മാത്രമാണ് പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യൻ ഹോട്ടൽ. താജ്മഹലിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെയുള്ള ഈ ഹോട്ടൽ വിശാലമായ പൂന്തോട്ടങ്ങൾക്ക് നടുവിലാണ് സ്ഥിതി ചെയ്യുന്നത്.