ഇന്ത്യ-കാനഡ തർക്കം: ഓഹരി വിപണിയിൽ തിരിച്ചടി

0
1047

ഇന്ത്യ-കാനഡ തർക്കം നയതന്ത്ര ബന്ധം വഷളാക്കുന്നതിനിടെ കനേഡിയൻ കമ്പനിയുടെ ഓഹരി വാങ്ങുന്നത് താത്കാലികമായി മരവിപ്പിച്ച് ഇന്ത്യയുടെ ജെഎസ്ഡബ്ല്യു സ്റ്റീൽ കമ്പനി. കാനഡയിലെ സ്റ്റീൽ ഉല്പാദന കമ്പനിയായ ടെക്ക് റിസോഴ്സിന്റെ ഓഹരി വാങ്ങുന്ന നടപടിയാണ് നിർത്തി വെച്ചത്. ടെക്കിന്റെ കൽക്കരി ബിസിനസിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ജെഎസ്ഡബ്ല്യു. സ്റ്റീൽ ബിസിനസിൽ ഉപയോഗിക്കുന്ന കോക്കിംഗ് കൽക്കരി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് കാനഡ. ഓസ്‌ട്രേലിയ, റഷ്യ, അമേരിക്ക എന്നിവയാണ് ആദ്യ മൂന്ന് രാജ്യങ്ങൾ.

ശേഷിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളായ ജെഎസ്ഡബ്ല്യു സ്റ്റീലും ടെക്കും തമ്മിൽ ഓഹരി വിൽപ്പനയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നം കുറയുന്നതുവരെ തങ്ങൾ കാത്തിരിക്കും എന്ന് ടെക്ക് റിസോഴ്‌സ് അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. റിപ്പോർട്ടിനെ തുടർന്ന് ടെക്കിന്റെ ഓഹരി വില 4.4 ശതമാനം ഇടിഞ്ഞു.

ഇന്ത്യ-കാനഡ ബന്ധം വഷളായതോടെ കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ (സിപിപിഐബി) ഗണ്യമായ നിക്ഷേപമുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, സൊമാറ്റോ, പേടിഎം തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഇടിവ് നേരിട്ടു. കാനഡയിലെ ഏറ്റവും വലിയ പെൻഷൻ മാനേജരായ കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡിന് ഇന്ത്യൻ കമ്പനികളിൽ കാര്യമായ ഹോൾഡിംഗുണ്ട്. ഒരു വർഷം മുമ്പ് ഇന്ത്യയിൽ 21 ബില്യൺ ഡോളറിന്റെ (1.74 ലക്ഷം കോടി രൂപ) നിക്ഷേപമുണ്ടെന്ന് സിപിപിഐബി വെളിപ്പെടുത്തിയിരുന്നു.


കാനഡയിൽ നടന്ന ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ കാനഡ ഉന്നത ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയതോടെയാണ് ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ വീണത്.