ചരിത്രത്തിലാദ്യമായി കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്. ആദ്യമായാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) പ്രവര്‍ത്തന ലാഭം നേടുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 134.04 കോടിയിലേക്കാണ് പ്രവര്‍ത്തന വരുമാനം കുതിച്ചുയര്‍ന്നത്. 2022-23 വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 5.35 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ 2017 ജൂണിലാണ് സർവ്വീസ് ആരംഭിച്ചത്.
2017 ജൂണിൽ 59,894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32,603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ എണ്ണം 52,254 ആയി ഉയർന്നു. 2018ൽ യാത്രക്കാരുടെ എണ്ണം നാൽപ്പതിനായിരം കടന്നില്ല. എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. കൊവിഡ് രൂക്ഷമായതോടെ മറ്റെല്ലാ മേഖലയും പോലെ കൊച്ചി മെട്രോയും പ്രതിസന്ധിയിലായി. കൊവിഡ് കാലത്ത് 2021 മെയ് മാസം യാത്രക്കാരുടെ എണ്ണം 5,300 ആയി കുറഞ്ഞിരുന്നു. കൊവിഡിന് ശേഷം 2021 ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 12,000 ആയി ഉയർന്നു. 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും പിന്നീട് സ്ഥിരതയോടെ ഉയർന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തുകയും ചെയ്തു.
വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായി വിവിധ സ്കീമുകൾ ഏർപ്പെടുത്തിയതും സെൽഫ് ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിച്ചതും, യാത്രക്കാരെ ആകർഷിക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയം കണ്ടു. യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നത് വഴിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. കെഎംആർഎല്ലിന്റെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമാണ് പ്രവർത്തനമാരംഭിച്ച് കുറഞ്ഞ കാലയളവിൽ ഓപ്പേറഷണൽ പ്രോഫിറ്റ് എന്ന ഈ നേട്ടം എന്ന് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ പറഞ്ഞു.