കടബാധ്യത കൂടുന്നു:രാജ്യത്തെ ഗാർഹിക സമ്പാദ്യം 50 വർഷത്തെ താഴ്ന്ന നിലയിൽ

0
948

രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം അഞ്ച് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയില്‍. ബാധ്യത വർദ്ധിക്കുകയും ചെയ്തു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 2021-22 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 7.2 ശതമാനമായിരുന്ന കുടുംബങ്ങളുടെ സമ്പാദ്യം 2023 സാമ്പത്തിക വര്‍ഷം 5.1 ശതമാനമായി കുറഞ്ഞതായാണ് ആര്‍ബിഐയുടെ റിപ്പോർട്ട്.

കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതയാകട്ടെ ജിഡിപിയുടെ 5.8 ശതമാനമായി ഉയരുകയും ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 3.8 ശതമാനമായിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ ഗാർഹിക സമ്പാദ്യം 22.8 ട്രില്യൺ രൂപയായിരുന്നു. എന്നാൽ 2022 സാമ്പത്തിക വർഷത്തിൽ ഇത് 16.96 ട്രില്യൺ രൂപയായി കുറഞ്ഞു.

വരുമാന പ്രതിസന്ധിയും കോവിഡിന് ശേഷം ഉപഭോഗം കൂടിയതുമാണ് വര്‍ധനവിന് കാരണം. സ്വാതന്ത്ര്യം കിട്ടിയതിനുശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണിത്. 2006-07 സാമ്പത്തിക വര്‍ഷം 6.7 ശതമാനമായിരുന്നു കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത.