മാനദണ്ഡങ്ങൾ ലംഘിച്ചു:എസ്ബിഐയ്ക്ക് ഉൾപ്പെടെ പിഴ ചുമത്തി ആർബിഐ

0
1222

റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. എസ്ബിഐ, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിങ്ങനെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്കാണ് പിഴ ചുമത്തിയത്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴയിട്ടിരിക്കുന്നത്. കൃത്യമായ പരിശോധനകൾ ഇല്ലാതെ കോർപറേറ്റ് ലോൺ അനുവദിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ആർബിഐ പിഴ ചുമത്തിയത്. 1.3 കോടി രൂപയാണ് എസ്ബിഐ നൽകേണ്ടത്.

നിക്ഷേപങ്ങളുടെ പലിശ നിരക്ക്, കെവൈസി നിയമങ്ങളുടെ പാലനം എന്നിവയിൽ വീഴ്ച വരുത്തിയതിനാണ് ഇന്ത്യൻ ബാങ്കിന് 1.62 കോടി രൂപ പിഴ ചുമത്തിയത്. നിക്ഷേപകരുടെ വിദ്യാഭ്യാസ, ബോധവൽക്കരണ ഫണ്ട് പദ്ധതിയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തിയത്.

എൻബിഎഫ്‌സികളിലെ തട്ടിപ്പ് നിരീക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന് 8.80 ലക്ഷം രൂപ പിഴയും ആർബിഐ ചുമത്തിയിട്ടുണ്ട്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.