വിദേശ യൂണിവേഴ്സിറ്റിയിൽ പഠിക്കുക എന്നത് ഇന്ന് ഒട്ടും അതിശയോക്തി ഇല്ലാത്ത കാര്യമാണ്. എന്നാൽ 15 വർഷം മുമ്പ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം കിട്ടുക എന്നത് ഒരു നാട്ടിൻ പുറത്തുകാരന് സ്വപ്നങ്ങൾക്ക് അതീതമായിരുന്നു. എന്നാൽ ആ സ്വപ്നം യാഥാർഥ്യമാക്കിയ ഒരാളുണ്ട്. ഒരു മലയാറ്റൂർകാരൻ. ഡോ. സൈമൺ അക്കാദമിയുടെ സ്ഥാപകൻ ഡോ. ബിന്റോ സൈമൺ.
എംബിബിഎസിന് ചേരണമെന്ന ആഗ്രഹം കുടുംബത്തിലെ സാമ്പത്തിക സാഹചര്യങ്ങൾക്ക് മുമ്പിൽ അടിയറ വെക്കേണ്ടി വന്ന അദ്ദേഹം പക്ഷേ പിന്നോട്ട് പോകാൻ തയാറായിരുന്നില്ല. ഇഷ്ട വിഷയമായ രസതന്ത്രത്തിന്റെ അനന്ത സാധ്യതകൾ തേടിയുള്ള യാത്ര ആയിരുന്നു പിന്നീട്. രസതന്ത്രത്തിലെ രസം തേടി കാലടി ശ്രീ ശങ്കരാചാര്യ കോളേജിലേക്ക്. ശങ്കരാചാര്യ കോളേജിലെ ഗുരുക്കന്മാരുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഇൻഡസ്ട്രിയൽ കെമിസ്ട്രി എന്ന മേഖലയിലേക്ക് കൈ പിടിച്ച് ഉയർത്തിയത്. പിന്നീടുള്ള വളർച്ചക്ക് കടപ്പെട്ടിരിക്കുന്നതും ഇവരോട് തന്നെ. ഔറംഗബാദിലെ പി ജി പഠനത്തിനും ഓമ്നി ആക്ടിവ് ഹെൽത്ത് ടെക്നോളജീസിലെ ജോലിക്കും ശേഷം 2006 ൽ അദ്ദേഹം യുകെയിലേക്ക് ചേക്കേറി. രസതന്ത്രത്തിലെ അറിവും ഗവേഷണ പാഠവവും ഒരു ജോലി നേടിത്തരുമെന്ന് പ്രതീക്ഷിച്ച അദ്ദേഹത്തിന് പക്ഷേ നിരാശ ആയിരുന്നു ഫലം. റിജക്ഷൻ ലെറ്ററുകൾ കണികണ്ടുണരുന്ന കാലം ആയിരുന്നു അത്. ഇന്ത്യ പോലൊരു വികസ്വര രാജ്യത്തുനിന്ന് വരുന്ന ഗവേഷകർക്ക് ജോലി നല്കുന്നതിന് ആ കാലത്ത് ബ്രിട്ടൻ വിമുഖത കാണിച്ചിരുന്നു എന്ന് അദേഹം ഓർക്കുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറി വരുന്നു.
ആഗ്രഹിച്ച ജോലി കിട്ടതായതോടെ നിലനില്പിനായി ഒരു റസ്റ്റോറന്റിൽ ജോലി ആരംഭിച്ചു. ഒരു പ്രൊഫഷണലായി ജോലി നേടണമെങ്കിൽ യു.കെ വിദ്യാഭാസം അനിവാര്യമാണെന്ന തിരിച്ചറിവ് വീണ്ടും രസതന്ത്ര പഠനത്തിലേക്ക് നയിച്ചു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേക്കും മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിലേക്കും അഡ്മിഷൻ കോൾ. കുടുംബ സാഹചര്യവും യാത്രാ സൗകര്യവും പരിഗണിച്ച് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്റർ അദ്ദേഹം തന്റെ അടുത്ത തട്ടകം ആയി തിരഞ്ഞെടുത്തു. വീണ്ടും ഗവേഷണ നാളുകൾ. ലോക റാങ്കിങ്ങിൽ നാലാമതായിരുന്ന യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ (UCL) 2012 മുതൽ 2015 വരെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്. ഗവേഷണ നാളുകളിൽ അന്താരാഷ്ട്ര പേറ്റന്റ് അവാർഡും അദ്ദേഹത്തെ തേടി എത്തി. 17-ാം വയസിൽ ആരംഭിച്ച ട്യൂഷൻ ഗവേഷണ നാളുകളിലും പ്രതിഫലം വാങ്ങാതെ അദ്ദേഹം തുടർന്നിരുന്നു. പകരും തോറും അറിവ് വർദ്ധിക്കും എന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്ററിലെ സൂപ്പർവൈസർമാർ ആയിരുന്ന പ്രൊഫസർ ഡേവിഡ് ബെറിസ്ഫോർഡും, പ്രൊഫസർ സബയിൻ ഫ്ലിച്ചും അദ്ദേഹത്തിന്റെ ജീവിതത്തിൽ മറ്റൊരു വഴി തെളിച്ചു. ബെറിസ്ഫോർഡും, ഫ്ലിച്ചും തങ്ങളുടെ പകരക്കാരനായി പല ക്ലാസ്സുകളിലേക്കും ഡോ. സൈമണെ നിയോഗിച്ചു. യു.കെ വിദ്യാഭാസ സമ്പ്രദായത്തിലെ അധ്യാപനത്തിന്റെ സാധ്യതകൾ അങ്ങനെ ആണ് അദേഹത്തിന്
മുന്നിൽ തെളിഞ്ഞത്.
പ്രതിഫലം കാംഷിക്കാതെ ഡോ. സൈമൺ പഠിപ്പിച്ചിരുന്ന കുട്ടികൾ പഠനത്തിൽ മികവ് കാണിച്ച് തുടങ്ങിയതോടെ മാതാപിതാക്കൾ അദ്ദേഹത്തെ അന്വേഷിച്ച് വരാൻ തുടങ്ങി. അങ്ങനെ അധ്യാപനത്തിലെ അദ്ദേഹത്തിന്റെ അഭിനിവേശം 2018 ൽ ഒരു അക്കാദമി തുടങ്ങുന്നതിലേക്ക് നയിച്ചു. പിന്നീട് 2 വർഷങ്ങൾക്ക് ശേഷം 2020 ൽ സജീവ ഗവേഷണത്തിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റ് എടുത്ത് മുഴുവൻ സമയ അധ്യാപനത്തിലേക്ക്. പക്ഷേ ജോലി ഉപേക്ഷിച്ച് അഭിനിവേശം പിന്തുടർന്ന അദേഹത്തിന് മുമ്പിൽ കോവിഡ് ഒരു വില്ലനായി. അങ്ങനെ അക്കാദമിക്ക് പൂട്ട് വീണു.
നമ്മൾ നൽകുന്ന സേവനം മികച്ചതാണെങ്കിൽ ഏത് പ്രതിസന്ധിയിലും ആവശ്യക്കാർ നമ്മളെ തേടിയെത്തും എന്നതിനുള്ള തെളിവാണ് ഡോ. സൈമണിന്റെ പിന്നീടുള്ള ജീവിതം. ലോക്ക് ഡൗൺ സമയത്തും തങ്ങളുടെ കുട്ടികൾക്ക് ഡോക്ടറുടെ ക്ലാസ്സുകൾ വേണമെന്ന മാതാപിതാക്കളുടെ ആവശ്യം ഓൺലൈൻ അക്കാദമിക്ക് തുടക്കമിട്ടു. പതിയെ അക്കാദമിക്ക് കൂടുതൽ സ്വീകാര്യത കൈവന്നു. തുടക്കത്തിൽ ഡോ. സൈമൺ മാത്രമുണ്ടായിരുന്ന അക്കാദമിയിൽ ഇന്ന് 25 അധ്യാപകർ ഉണ്ട്. യു.കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഇന്ന് ഡോ. സൈമൺസ് അക്കാദമിയുടെ സാന്നിധ്യം ഉണ്ട്. ഗുണമേന്മ ഉറപ്പുവരുത്തുന്നതിൽ ഡോ. സൈമൺസ് അക്കാദമി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രധാന ഘടകമായ മൂല്യനിർണ്ണയത്തിന് പ്രാധാന്യം നല്കിയാണ് ഡോ. സൈമൺ കരിക്കുലം വികസിപ്പിച്ചത്. മലയാളി കുട്ടികൾക്കായി ആരംഭിച്ച സ്ഥാപനത്തിൽ ഇന്ന് ദേശ-ഭാഷാ ഭേദമന്യേ കുട്ടികൾ പഠിക്കുന്നു. സംരംഭ ജീവിതത്തിലെ വെല്ലുവിളികളെ ഡോ. സൈമൺ അതിജീവിച്ചത് ഒറ്റക്കായിരുന്നില്ല. യു.കെയിൽ പേഷ്യന്റ് ഫ്ലോ കോർഡിനേറ്റർ ആയ പ്രിയപത്നി ലാന്റി ബിന്റോ സൈമൺ സംരംഭം പടുത്തുയർത്തുന്നതിൽ താങ്ങും തണലുമായി നിലകൊണ്ടു.
കേരളത്തിലെ കുട്ടികൾക്കും മികച്ച സയൻസ് വിദ്യാഭ്യാസം നൽകണമെന്നാണ് ഡോ. സൈമണിന്റെ ആഗ്രഹം. 2025 ഓടെ കേരളത്തിൽ അക്കാദമി തുടങ്ങുന്നതിനുള്ള പദ്ധതികളാണ് അദേഹം വിഭാവനം ചെയ്യുന്നത്. ഒരു സംരംഭം തുടങ്ങിയതിൽ മാത്രം അവസാനിക്കുന്നില്ല. ഭാവി തലമുറക്കിടയിൽ സംരംഭത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അക്കാദമി കരിക്കുലത്തിൽ ഒരു പാഠം ഉൾപ്പെടുത്താനും അദ്ദേഹം ആലോചിക്കുന്നു. ജോലി തേടി വിദേശത്ത് എത്തുന്ന, പലവിധ കാരണങ്ങളാൽ ആഗ്രഹിച്ച ജോലി ലഭിക്കാതെ നിരാശരായിരിക്കുന്ന യുവതി യുവാക്കൾക്ക് പ്രതീക്ഷ പകരുന്നതാണ് ഡോ. സൈമണിന്റെ ജീവിതം. അടങ്ങാത്ത അഭിനിവേശവും നിശ്ചയദർഢ്യവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാം. പരിശ്രമിച്ച് കൊണ്ടേയിരിക്കുക വിജയം നിങ്ങളെ തേടിയെത്തും.