108 രാജ്യങ്ങളിൽ നിന്നുളള 1,904 സർവകലാശാലകളെ റാങ്ക് ചെയ്ത ടൈംസ് ഹയർ എജ്യുക്കേഷൻ മാസികയുടെ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2024-ൽ ഇടം പിടിച്ച് 91 ഇന്ത്യൻ സർവകലാശാലകൾ. എന്നാൽ ആദ്യ 200ൽ ഇന്ത്യൻ സർവ്വകലാശാലകൾ ഇല്ല. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സർവ്വകലാശാല. 201-250 ബാൻഡിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡൽഹി യൂണിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഐഐടികൾ, ബിറ്റ്‌സ് പിലാനി, സിംബയോസിസ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, അണ്ണാമലൈ എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികൾ 500 ബാൻഡിനും അപ്പുറമാണ്. 41.9-45.3 സ്കോറോടെ ജാമിയ മില്ലിയ ഇസ്ലാമിയ 501-600 ബാൻഡിലാണ്. 37.0-41.8 സ്കോറോടെ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും 601-800 ബാൻഡിൽ ഇടം നേടി.
98.5 സ്‌കോറുമായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയാണ് റാങ്കിംഗിൽ ഒന്നാമത്. 98 സ്‌കോറുമായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി, 97.9 സ്‌കോറോടെ എംഐടി, 97.8 സ്‌കോറോടെ ഹാർവാർഡ് യൂണിവേഴ്‌സിറ്റി, 97.5 സ്‌കോറോടെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, 96.9 സ്‌കോറോടെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി, 96.5 സ്‌കോറോടെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, 95 സ്‌കോറോടെ ഇംപീരിയൽ കോളേജ് ലണ്ടൻ എന്നിവയാണ് പിന്നിൽ. 92.4 സ്‌കോറുമായി ചൈനയിലെ സിങ്‌ഹുവ യൂണിവേഴ്‌സിറ്റി 12-ാം സ്ഥാനത്തെത്തിയപ്പോൾ 92.1 സ്‌കോറുമായി പീക്കിംഗ് യൂണിവേഴ്‌സിറ്റി 14-ാം സ്ഥാനത്താണ്. സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ 90 സ്കോറോടെ 19-ാം സ്ഥാനത്താണ്.