ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ്:എം എസ് സ്വാമിനാഥന്‍ വിടവാങ്ങി

0
939

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു കാര്‍ഷിക ശാസ്ത്രജ്ഞനായ സ്വാമിനാഥൻ. രാജ്യത്ത് പട്ടിണി ഇല്ലാതാക്കുന്നതിൽ ഇദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾ നിർണ്ണായകമായിരുന്നു.

മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് എം.എസ് സ്വാമിനാഥന്റെ മുഴുവൻ പേര്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് അടിത്തറയിട്ട ഹരിത വിപ്ലവത്തിൻറെ ശിൽപ്പിയെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1925 ഓഗസ്റ്റ് 7ന് ഡോ. എം.കെ സാംബശിവൻറെയും പാർവതി തങ്കമ്മാളിൻറെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിലാണ് ഇദ്ദേഹത്തിന്റെ തറവാട്.

1949 ൽ ഉരുളക്കിഴങ്ങ്, ഗോതമ്പ്, അരി, ചണം എന്നിവയുടെ ജനിതകശാസ്ത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയാണ് സ്വാമിനാഥൻ തന്റെ കരിയർ ആരംഭിച്ചത്. 1960-കളിൽ, രാജ്യം ഭക്ഷ്യക്ഷാമത്തിന്റെ വക്കിലെത്തിയപ്പോൾ, സ്വാമിനാഥനും നോർമൻ ബോർലോഗും മറ്റ് ശാസ്ത്രജ്ഞരും ചേർന്നാണ് ഗോതമ്പിന്റെ ഹൈബ്രിഡ് വിത്ത് വികസിപ്പിച്ചെടുത്തത്. കേരളത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കുട്ടനാട് പാക്കേജിന്റെ ഉപജ്ഞതാവുമാണ് എം.എസ്. സ്വാമിനാഥന്‍.