ഭക്ഷണം പൊതിയുന്നതിനും വിളമ്പുന്നതിനും സംഭരിക്കുന്നതിനും പത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). പത്രങ്ങളില്‍ ഉപയോഗിക്കുന്ന മഷിയില്‍ ദോഷകരമായ ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉപയോക്താക്കൾക്കും ഭക്ഷണ വിതരണക്കാർക്കും എഫ്.എസ്.എസ്.എ.ഐ മുന്നറിയിപ്പ് നല്‍കി.
ഭക്ഷണം പാക്കുചെയ്യുന്നതിനും പൊതിയുന്നതിനും പത്രങ്ങളോ സമാന വസ്തുക്കളോ ഉപയോഗിക്കുന്നത് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പാക്കേജിംഗ്) റെഗുലേഷന്‍സ്, 2018 പ്രകാരം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഭക്ഷണം മൂടിവെക്കുന്നതിനോ വിളമ്പുന്നതിനോ വറുത്ത ഭക്ഷണത്തില്‍ നിന്ന് അധിക എണ്ണ വലിച്ചെടുക്കുന്നതിനോ പത്രങ്ങള്‍ ഉപയോഗിക്കരുതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പത്രങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വലിയ അപകടങ്ങളുണ്ടാക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ സി.ഇ.ഒ കമല വര്‍ധന റാവു പറഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഉത്തരവാദിത്തമുള്ള പാക്കേജിംഗ് സമ്പ്രദായങ്ങൾ സ്വീകരിക്കരണമെന്നും എല്ലാ ഭക്ഷ്യ വിൽപ്പനക്കാരോടും അവർ അഭ്യർത്ഥിച്ചു.
പ്രിന്റിംഗ് മഷികളില്‍ ലെഡ്, ഹെവി മെറ്റലുകള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. ഇത് ഭക്ഷണത്തിൽ അലിയുകയും ക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണ സാധനങ്ങൾ പൊതിയുന്നതിനോ വിളമ്പുന്നതിനോ പത്രങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും സംസ്ഥാന ഭക്ഷ്യ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും റെഗുലേറ്റർ അറിയിച്ചു.