സംസ്ഥാന സഹകരണ ബാങ്കുകളുടെ നാഷണൽ ഫെഡറേഷൻ (NAFSCOB) ഏർപ്പെടുത്തിയ ദേശീയ അവാർഡ് ഈ വർഷവും സ്വന്തമാക്കി കേരള ബാങ്ക്. സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ മൂന്നാം വർഷമാണ് (2019-20, 2020-21, 2021-22) കേരള ബാങ്കിന് ദേശീയ അവാർഡ് ലഭിക്കുന്നത്.
ബാങ്കിന്റെ ബിസിനസ് നേട്ടങ്ങൾ, ജനാധിപത്യ ഭരണസംവിധാനം, വിഭവസമാഹരണവും വികസനവും, പരമാവധി ഗുണഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കൽ, മെച്ചപ്പെട്ട റിക്കവറി രീതികൾ, കടാശ്വാസം, സാമ്പത്തിക സാക്ഷരതാ രംഗത്തുണ്ടായ മുന്നേറ്റം, മികച്ച പ്രശ്നപരിഹാര സമ്പ്രദായം, മികച്ച ഭരണ നേട്ടം, ഭരണ നൈപുണ്യം, വിവര സാങ്കേതികവിദ്യയിലും ഡിജിറ്റൽ ബാങ്കിംഗ് രംഗത്തും കൈവരിച്ച നേട്ടം തുടങ്ങിയവ പരിഗണിച്ചാണ് ഈ അംഗീകാരം.
സഹകരണ മേഖലയിൽ നിലനിന്നിരുന്ന ത്രിതല സംവിധാനത്തിന് പകരം ഗ്രാമീണ ജനതയ്ക്കും കർഷകർക്കും മെച്ചപ്പെട്ട രീതിയിൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായി ദ്വിതല സംവിധാനം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും ഫെഡറേഷൻ വിലയിരുത്തി. സെപ്തംബർ 26ന് ജയ്പൂരിൽ നടന്ന ചടങ്ങിൽ ബാങ്ക് അധികൃതർ അവാർഡ് ഏറ്റുവാങ്ങി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ ദേശീയ ഫെഡറഷന്റെ സ്ഥിരം ഭരണസമിതി അംഗമായി തെരഞ്ഞെടുക്കുകയും ചെയ്തു.