ഡിജിയാത്രയുമായി സിയാൽ:ഇനി ചെക്ക് ഇൻ കൂടുതൽ എളുപ്പത്തിൽ

0
379

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) ഡിജിയാത്ര സംവിധാനം ഔദ്യോഗികമായി ആരംഭിക്കുന്നു. ഈ വർഷം ഫെബ്രുവരി മുതൽ കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന ഈ സൗകര്യം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബര്‍ 2ന് കാർഗോ ടെർമിനലിൽ ഉദ്ഘാടനം ചെയ്യും. ഡിജി യാത്ര സൗകര്യം ഏർപ്പെടുത്തുന്നതോടെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പറക്കുന്ന യാത്രക്കാർക്ക് ചെക്ക്-ഇൻ നടപടിക്രമങ്ങൾ എളുപ്പത്തിൽ നിർവഹിക്കാനാകും.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിമാനത്താവളങ്ങളിലെ ചെക്ക് ഇൻ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതിനാണ് ഡിജി യാത്ര ഇ-ബോർഡിംഗ് സോഫ്റ്റ്‌വെയർ. നിലവിൽ ആഭ്യന്തര ടെർമിനലിന്റെ 22 ഗേറ്റുകളിൽ ഇ-ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കും. ഇതിനാവശ്യമായ സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചത് സിയാലിന്റെ ഐടി വിഭാഗമാണ്.

ഡിജിയാത്രയില്‍ ടെര്‍മിനലില്‍ പ്രവേശിക്കുന്നതിന് മുന്‍പ് സെക്യൂരിറ്റി ഓഫിസറെ ടിക്കറ്റും ഐഡി കാര്‍ഡും കാണിക്കേണ്ട ആവശ്യമില്ല. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഡിജിയാത്ര സേവനം ലഭ്യമായിട്ടുളളത്. ഫോണില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഡിജിയാത്ര റജിസ്‌ട്രേഷനായി ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറും മറ്റ് വിവരങ്ങളും ഫോട്ടോയും നല്‍കി റജിസ്‌റ്റർ ചെയ്യണം. ഒറ്റത്തവണ റജിസ്‌ട്രേഷന്‍ സംവിധാനമാണിത്. നിലവില്‍ ആധാര്‍ മാത്രമാണ് ഐഡി തെളിവായി സ്വീകരിക്കുക.