സ്റ്റാർട്ടപ്പുകൾക്കുളള ക്രെഡിറ്റ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക റേറ്റിംഗ് സംവിധാനം അവതരിപ്പിക്കാൻ ബാങ്കുകൾ. ഇത് സ്റ്റാർട്ടപ്പുകളുടെ റിസ്ക് പ്രൊഫൈലിംഗ് കാര്യക്ഷമമാക്കും. പ്രത്യേക മോഡൽ സൃഷ്ടിക്കുന്നതിനെക്കുറിച്ച് റേറ്റിംഗ് ഏജൻസികൾ, സർക്കാർ, ബാങ്ക് റെഗുലേറ്റർമാർ എന്നിവരുമായുള്ള ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
റിസർവ് ബാങ്കിൽ നിന്നുള്ള നിർദ്ദേശങ്ങളും പുതിയ സംവിധാനം വികസിപ്പിക്കുന്നതിന് പരിഗണിക്കും. സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിൽ ബാങ്കുകൾക്ക് വലിയ പങ്കുവഹിക്കാൻ നടപടി സഹായിക്കും. സ്റ്റാർട്ടപ്പുകൾക്ക് മികച്ച ധനസഹായം ഉറപ്പുനൽകുന്ന വിവിധ പദ്ധതികൾ അവതരിപ്പിക്കാൻ സർക്കാരും പദ്ധതിയിടുന്നുണ്ട്.
ഒരു പൊതു റേറ്റിംഗ് സംവിധാനം ക്രെഡിറ്റ് വിതരണം വേഗത്തിലാക്കുകയും വായ്പകൾ ക്ലിയർ ചെയ്യാൻ എടുക്കുന്ന സമയം കുറയ്ക്കുകയും ചെയ്യും. സ്റ്റാർട്ടപ്പുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ ധനസഹായം ഉറപ്പാക്കുന്നതിന് പുതിയ നടപടികൾ അവതരിപ്പിക്കുന്നത് നിർണായകമാണ്. ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഉള്ളത്.