ഡിജിറ്റൽ ഇന്ത്യ ബിൽ:നിയമങ്ങൾ ലംഘിക്കുന്നവരെ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നിരോധിക്കും

0
603

ക്രിപ്‌റ്റോ ജാക്കിംഗ്, ആസ്ട്രോ ടർഫിംഗ്, ഡോഗ്‌ പൈലിംഗ്, ഡോഗ്‌ വിസ്‌ലിംഗ്, സ്വാറ്റിംഗ്, ഗ്യാസ്‌ലൈറ്റിംഗ്, ക്യാറ്റ്ഫിഷിംഗ് തുടങ്ങിയ വിവിധ ഓൺലൈൻ കുറ്റകൃത്യങ്ങൾ ഡിജിറ്റൽ ഇന്ത്യ ബില്ലിൽ നിർവചിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട്. ഈ കുറ്റകൃത്യങ്ങൾ “ഉപയോക്തൃ ഹാനി”(user harm) എന്ന പൊതു വിഭാഗത്തിൽ പെടുമെന്നും അനുബന്ധ ശിക്ഷാ വ്യവസ്ഥകൾ നിർവചിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

23 വർഷം പഴക്കമുള്ള 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിന് പകരം ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ ഒരു ഡിജിറ്റൽ ഇന്ത്യ അതോറിറ്റിയും ദേശീയ ഡാറ്റാ മാനേജ്‌മെന്റ് ഓഫീസും രൂപീകരിക്കുന്നതും പുതിയ ബില്ലിന് കീഴിൽ ചർച്ചയായേക്കും. തെറ്റായ വിവരങ്ങളുടെ പ്രത്യേകതകളും അത് പ്രചരിപ്പിക്കുന്ന വ്യത്യസ്‌ത മാർഗങ്ങളും വ്യക്തമാക്കാൻ പുതിയ ബിൽ ഉപയോഗിക്കാനാണ് ഐടി മന്ത്രാലയം ഉദ്ദേശിക്കുന്നത്.

കൂടാതെ, ഒരു വ്യക്തിയോ സ്ഥാപനമോ പ്ലാറ്റ്‌ഫോമിന്റെ ഉപയോക്തൃ കരാറിന്റെ നിബന്ധനകളോ, ഡിജിറ്റൽ ഇന്ത്യ ആക്ടിൽ പറഞ്ഞിരിക്കുന്ന നിയമങ്ങളോ ആവർത്തിച്ച് ലംഘിക്കുകയാണെങ്കിൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമിൽ നിന്ന് അവരെ നിരോധിക്കാൻ ഇന്റർനെറ്റ്, സോഷ്യൽ മീഡിയ ഇടനിലക്കാരെ അനുവദിക്കുന്നതിനുള്ള അധികാരവും ബില്ലിന് ഉണ്ടായിരിക്കും. ഇന്റർനെറ്റ് ഇടനിലക്കാർ എടുക്കുന്ന തീരുമാനങ്ങളെ ഉപയോക്താക്കൾക്ക് വെല്ലുവിളിക്കാനുള്ള നടപടിക്രമവും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയേക്കും. ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ കരട് ഏകദേശം പൂർത്തിയായെന്നും ഉടൻ പ്രസിദ്ധീകരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.