2000 രൂപ ഒക്ടോബർ 7 വരെ മാറ്റിയെടുക്കാം:സമയപരിധി നീട്ടി ആർബിഐ

0
979

ഈ വർഷം മെയ്യിൽ വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള തീയതി ഒക്ടോബർ 7 (ശനിയാഴ്ച) വരെ നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). അതേസമയം 2000 രൂപ നോട്ടുകൾ ലീഗൽ ടെൻഡറായി തുടരുമെന്നും ആർബിഐ അറിയിച്ചു.

2023 മെയ് 19 വരെ 3.56 ലക്ഷം കോടി മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ 3.42 ലക്ഷം കോടി രൂപ തിരികെ എത്തി. സെപ്തംബർ അവസാനം 0.14 ലക്ഷം കോടി രൂപ മാത്രമാണ് പ്രചാരത്തിലുള്ളതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ഈ നോട്ടുകൾ നിക്ഷേപിക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഉള്ള സമയപരിധി സെപ്റ്റംബർ 30, 2023 ആയിരുന്നു.

ഒക്ടോബർ 8 മുതൽ ബാങ്ക് ശാഖകളിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഉള്ള നടപടിക്രമങ്ങൾ നിർത്തലാക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ 19 ആർബിഐ ഇഷ്യൂ ഓഫീസുകൾ വഴി 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം. ഒരു സമയം 20,000 രൂപ വരെ മാറ്റിയെടുക്കാം. രാജ്യത്തിനകത്തുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇന്ത്യാ പോസ്റ്റ് വഴിയും 2000 രൂപ നോട്ടുകൾ അയയ്‌ക്കാം.