ആഗോള മൊബൈൽ ഡൗൺലോഡ് വേഗതയിൽ യൂകെയേയും, ജപ്പാനേയും പിന്തള്ളി ഇന്ത്യ

0
582

മൊബൈൽ ഡൗൺലോഡ് വേഗതയിൽ ഇന്ത്യയ്ക്ക് നേട്ടം. ഊക്‌ല സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് പട്ടികയിൽ രാജ്യം ആദ്യ 50-ൽ ഇടം പിടിച്ചു. 72 സ്ഥാനങ്ങൾ ഉയർന്നാണ് ഇന്ത്യ സൂചികയിൽ 47-ാം സ്ഥാനത്തെത്തിയത്. രാജ്യത്ത് 5G സേവനങ്ങൾ ആരംഭിച്ചതാണ് ഈ നേട്ടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സിയാറ്റിൽ ആസ്ഥാനമായുള്ള ഊക്‌ല, ഫിക്സഡ് ബ്രോഡ്‌ബാൻഡ്, മൊബൈൽ നെറ്റ്‌വർക്ക് ടെസ്റ്റിംഗ് ആപ്ലിക്കേഷൻ, ഡാറ്റ, വിശകലനം എന്നിവയ്ക്ക് പ്രസിദ്ധമാണ്.

പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങൾക്ക് പുറമേ, മെക്സിക്കോ (90), തുർക്കി (68), യുകെ (62), ജപ്പാൻ (58), ബ്രസീൽ (50), ദക്ഷിണാഫ്രിക്ക (48) തുടങ്ങിയ ജി20 രാജ്യങ്ങളെക്കാൾ മുന്നിലാണ് ഇന്ത്യ. 5G അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയുടെ ഡൗൺലോഡ് സ്പീഡ് 3.59 മടങ്ങ് വർധിച്ചു. ശരാശരി ഡൗൺലോഡ് വേഗത 2022 സെപ്റ്റംബറിലെ 13.87 Mbps ൽ നിന്ന് 2023 ഓഗസ്റ്റിൽ 50.21 Mbps ആയി ഉയർന്നു.

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ഓപ്പറേറ്റർമാർ 5G സാങ്കേതികവിദ്യ ആരംഭിച്ചതോടെ 5G വരിക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. ലോകത്തിൽ ഏറ്റവും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കളും ഉൾപ്പെടുന്നുണ്ട്.