മികച്ച ടൂറിസം ഗ്രാമത്തിനുള്ള പുരസ്‌കാരം:സ്വർണ്ണ തിളക്കത്തിൽ ‘കാന്തല്ലൂർ’

0
866

മികച്ച ടൂറിസം ഗ്രാമത്തിനുള്ള സുവർണ പുരസ്‌കാരം ഇടുക്കിയുടെ സ്വന്തം കാന്തല്ലൂരിന്. രാജ്യത്തെ 767 ഗ്രാമങ്ങളില്‍ നിന്നുമാണ് കാന്തല്ലൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ടൂറിസം മന്ത്രാലയമാണ് അവാർഡ് പ്രഖ്യാപിച്ചത്. ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളില്‍ നടത്തിയ സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. വിവിധ ഘട്ടങ്ങളില്‍ എട്ടു മാസമായി നടത്തിയ പരിശോധനകളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ലോക ടൂറിസം ദിനത്തിൽ (സെപ്റ്റംബര്‍ 29), ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി വി.വിദ്യാവതിയില്‍ നിന്നും കേരള ടൂറിസം ഡയറക്റ്റര്‍ പി.ബി. നൂഹ്, സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫിസറും ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ കെ. രൂപേഷ് കുമാര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.മോഹന്‍ദാസ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിൽ കാന്തല്ലൂരിലാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് (STREET-Sustainable, Tangible, Responsible, Experiential, Ethnic, Tourism) പദ്ധതി നടപ്പാക്കിയത്. ജനപങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതി ടൂറിസത്തിന്റെ വളർച്ചയിലേക്ക് നയിച്ചു. മൂന്നാറില്‍ നിന്നും 48 കിലോമീറ്റർ അകലെ പച്ചപ്പും സസ്യ വൈവിധ്യങ്ങളും നിറഞ്ഞ ഗ്രാമമാണ് കാന്തല്ലൂർ.