എൽഐസിക്ക് പിഴയിട്ട് ആദായനികുതി വകുപ്പ്. 84 കോടി രൂപ പിഴയടക്കണമെന്നാണ് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. 2012-13, 2018-19, 2019-20 മൂല്യനിർണ്ണയ വർഷവുമായി ബന്ധപ്പെട്ടതാണ് പിഴയെന്ന് എൽഐസി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.
ഉത്തരവിനെതിരെ അപ്പീൽ അതോറിറ്റിക്ക് മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാനാണ് എൽഐസിയുടെ തീരുമാനം. 1956-ൽ 5 കോടി രൂപ പ്രാരംഭ മൂലധനവുമായി ആരംഭിച്ച എൽഐസിക്ക് 2023 മാർച്ച് 31 ലെ കണക്ക് അനുസരിച്ച് 40.81 ലക്ഷം കോടി രൂപയുടെ ലൈഫ് ഫണ്ടുമായി 45.50 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്.
അതേസമയം ജനറൽ ഇൻഷുറൻസ് കമ്പനിയായ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് പൂനെയിൽ നിന്ന് 1,010 കോടി രൂപയുടെ ഷോ കോസ് കം ഡിമാൻഡ് നോട്ടീസ് ലഭിച്ചു. 2017 ജൂലൈയിലും 2022 മാർച്ചിലും സ്വീകരിച്ച കോ-ഇൻഷുറൻസ് പ്രീമിയത്തിലും റീ-ഇൻഷുറൻസ് കമ്മീഷനിലും ജിഎസ്ടി (ചരക്ക്, സേവന നികുതി) അടയ്‌ക്കാത്തതുമായി ബന്ധപ്പെട്ടാണ് ബജാജിന് നോട്ടീസ് അയച്ചത്.