റിപ്പോ നിരക്കിൽ മാറ്റമില്ല:ഓഹരി വിപണിയിൽ നേട്ടം

0
569

റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ദ്വൈമാസ പണ നയ യോഗത്തിന് ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. പണപ്പെരുപ്പത്തിൽ കർശനമായ ജാഗ്രത പുലർത്തുന്നതിനിടെ തുടർച്ചയായ നാലാം തവണയാണ് പോളിസി നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്.

3 ദിവസത്തെ എം‌പി‌സി യോഗത്തിൽ ഏകകണ്ഠമായാണ് റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരാനുള്ള തീരുമാനം എടുത്തത്. മുൻ മാസങ്ങളിലെ പോലെ ഒക്ടോബറിലും റിപ്പോയിൽ മാറ്റമുണ്ടാകില്ലെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വർഷം മെയ് മുതൽ, റിപ്പോ നിരക്കിൽ 250 ബേസിസ് പോയിന്റുകളുടെ (ബിപിഎസ്) വർദ്ധനയാണുണ്ടായത്.

പുതിയ നിരക്ക് പ്രഖ്യാപിച്ചതോടെ 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 334 പോയിന്റ് ഉയർന്ന് 65,971.62 പോയിന്റിലെത്തി. നിഫ്റ്റി 99.75 പോയിന്റ് ഉയർന്ന് 19,645.50 പോയിന്റിലെത്തി. ബജാജ് ഫിൻസെർവ്, ടൈറ്റൻ, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് സെൻസെക്‌സിൽ നേട്ടമുണ്ടാക്കിയത്. ലാർസൻ ആൻഡ് ടൂബ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, പവർ ഗ്രിഡ് എന്നിവയാണ് പിന്നിലുള്ളത്.