ശ്രദ്ധ വേണം:രാജ്യത്ത് ക്യൂആര്‍ കോഡ് തട്ടിപ്പുകൾ പെരുകുന്നു

0
168

രാജ്യത്ത് ക്യൂആര്‍ കോഡ് തട്ടിപ്പുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകൾ നടന്നതായാണ് കണക്ക്. രാജ്യത്ത് ഉത്സവ സീസൺ അടുക്കുന്നതോടെ തട്ടിപ്പുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായതിനാൽ യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാൻ കഴിയാത്തതാണ് പലരും വഞ്ചിതരാകാനുള്ള കാരണം.

സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ കയറി ക്യൂആര്‍ കോഡ് മാറ്റി വ്യാജ ക്യൂ ആര്‍ കോഡ് വച്ചാണ് പല തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്. വ്യാജ ക്യൂ ആര്‍ കോഡാണ് സ്കാന്‍ ചെയ്യുന്നതെന്ന് അറിയാതെ ഉപയോക്താക്കൾ തട്ടിപ്പുകാരുടെ യുആര്‍എല്ലുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഇത് വഴി ഇവരുടെ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയിലേക്ക് തട്ടിപ്പുകാര്‍ പ്രവേശിക്കും. ഇങ്ങനെ മാറ്റം വരുത്തിയ ക്യൂ ആര്‍ കോഡുകൾ ഉപയോക്താക്കളെ വിശ്വാസയോഗ്യമല്ലാത്ത ആപ്പ് സ്റ്റോറുകളിലേക്ക് എത്തിക്കുകയും വൈറസുകൾ, സ്പൈവെയർ, ട്രോജനുകൾ എന്നിവ അടങ്ങിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ഡേറ്റ മോഷണം, സ്വകാര്യത ലംഘനങ്ങൾ, റാൻസംവെയർ ആക്രമണങ്ങൾ, ക്രിപ്‌റ്റോകറൻസി മൈനിംഗ് എന്നിവയിലേക്ക് നയിച്ചേക്കാം.

ക്യൂആർ കോഡുകൾ സ്കാൻ ചെയ്യാൻ വിശ്വസനീയമായ ആപ്പുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി വരുന്നതോ അജ്ഞാതർ അയച്ചതോ ആയ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യരുത്. പൊതു വൈഫൈ നെറ്റ്‌വർക്കുകളിൽ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുന്നത് സുരക്ഷിതമല്ല. ഓൺലൈൻ ഇടപാടുകൾക്കായി വിശ്വസനീയവും സുരക്ഷിതവുമായ നെറ്റ്‌വർക്ക് മാത്രം ഉപയോഗിക്കുക. ക്യൂആർ കോഡ് സൂക്ഷ്മമായി പരിശോധിച്ച്, ഏതെങ്കിലും വിധത്തിൽ കേടുപാടുകൾ സംഭവിച്ചതോ, മാറ്റം വരുത്തിയതോ, സംശയാസ്പദമോ ആണെങ്കിൽ, സ്കാൻ ചെയ്യുന്നത് ഒഴിവാക്കണം.