വർഷങ്ങളായി വർദ്ധിച്ചുവരുന്ന പൊതുകടം നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) പഠന റിപ്പോർട്ട്. മോശം സാമ്പത്തിക സ്ഥിതി ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ഗിഫ്റ്റ് മുന്നറിയിപ്പ് നൽകി. സ്ഥിതി തുടർന്നാൽ, നിലവിലെ ബാധ്യത നിറവേറ്റാൻ മാത്രം കൂടുതൽ കടമെടുക്കാൻ സംസ്ഥാനം നിർബന്ധിതമാകും. വർദ്ധിച്ചുവരുന്ന കടം നിയന്ത്രിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
2000-01ൽ 25,721 കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ പൊതുകടം ഇപ്പോൾ 3.57 ലക്ഷം കോടി രൂപയാണ്. ഓരോ സംസ്ഥാനത്തിനും താങ്ങാനാകുന്ന പൊതുകടത്തിന്റെ പരിധി നിശ്ചയിക്കുന്നത് മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) അനുപാതം കണക്കാക്കിയാണ്. കേരളത്തിലെ ജിഎസ്ഡിപി-കടം അനുപാതം കഴിഞ്ഞ വർഷം 39 ശതമാനമായി ഉയർന്നു. പൊതു വിപണിയില്‍ നിന്നെടുത്ത വായ്പകളാണ് സംസ്ഥാനത്തിന്റെ കടബാധ്യതയെ നിര്‍ണായകമായി നിയന്ത്രിച്ച പ്രധാന ഘടകം. ഇത് പലിശ ഭാരം വര്‍ധിപ്പിച്ചു. സംസ്ഥാന റവന്യു വരുമാനം, റവന്യു ചെലവ് എന്നിവയുടെ 15 ശതമാനത്തിലധികമാണ് പലിശഭാരം.