ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യം ലണ്ടൻ:പട്ടികയിൽ ഇടം പിടിക്കാനാവാതെ ഇന്ത്യൻ നഗരങ്ങൾ

0
614

2024-ൽ ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനും അഭിവൃദ്ധി പ്രാപിക്കാനും അഭിലഷണീയമായ 100 നഗരങ്ങളുടെ പട്ടികയിൽ ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടൻ ഒന്നാം സ്ഥാനത്ത്. ഫ്രഞ്ച് തലസ്ഥാനമായ പാരീസാണ് രണ്ടാമത്. പ്രവാസി മലയാളികളുടെ പറുദീസ എന്നറിയപ്പെടുന്ന യുഎഇയിലെ ദുബായിക്കാണ് ആറാം സ്ഥാനം. റിസർച്ച് കമ്പനിയായ റെസൊണൻസ് ആണ് ‘ലോകത്തെ മികച്ച നഗരങ്ങളുടെ റിപ്പോർട്ട്’ തയ്യാറാക്കിയത്. ജീവിതസൗകര്യം, സാമ്പത്തിക അഭിവൃദ്ധി, വിനോദത്തിനും മാനസികോല്ലാസത്തിനുമുള്ള സൗകര്യങ്ങള്‍, നൈറ്റ്‌ലൈഫ്, ഷോപ്പിംഗ്, റെസ്റ്റോറന്റ്, എയര്‍പോര്‍ട്ട് കണക്റ്റിവിറ്റി, വിദ്യാഭ്യാസം, മാനവവിഭവശേഷി, ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ സാന്നിദ്ധ്യം, സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് റെസൊണന്‍സ് പട്ടിക തയ്യാറാക്കിയത്.

ഈ പട്ടികയിൽ ഇന്ത്യൻ നഗരങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഏഷ്യൻ നഗരങ്ങളിൽ ജപ്പാനിലെ ടോക്കിയോ നാലാം സ്ഥാനത്തും സിംഗപ്പൂരിലെ സിംഗപ്പൂർ സിറ്റി അഞ്ചാം സ്ഥാനത്തും ദക്ഷിണ കൊറിയയിലെ സിയോൾ പത്താം സ്ഥാനത്തുമെത്തി. ഇന്ത്യൻ നഗരങ്ങളൊന്നും പട്ടികയിൽ ഇടം നേടിയിട്ടില്ലെങ്കിലും ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട നിരവധി നഗരങ്ങൾ പട്ടികയിലുണ്ട്.

യുഎഇയിലെ അബുദാബി 25-ാം സ്ഥാനത്തും സൗദി അറേബ്യയിലെ റിയാദ് 28-ാം സ്ഥാനത്തും ഖത്തറിന്റെ തലസ്ഥാനമായ ദോഹ 36-ാം സ്ഥാനത്തുമാണ്. തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് 39-ാം സ്ഥാനത്താണ്. കാനഡയിലെ വാൻകൂവർ 50-ാം സ്ഥാനത്തും കുവൈത്ത് സിറ്റി 58-ാം സ്ഥാനത്തുമാണ്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങ് 18-ാം സ്ഥാനത്താണ്.