കേരളത്തിന്റെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായി മാറാൻ മാനവീയം വീഥി. സംസ്ഥാനത്ത് നൈറ്റ് ലൈഫ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുളള ശ്രമങ്ങളുടെ ഭാഗമാണിത്. ഭക്ഷണവും കലാപരിപാടികളും ഉള്‍പ്പെടെ രാത്രി ജീവിതം ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ മാനവീയം വീഥിയില്‍ ഒരുക്കും. തിരുവനന്തപുരം കോർപ്പറേഷൻ ഒക്‌ടോബർ 30 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെ മാനവീയം വീഥി സജീവമായിരിക്കും. കുടുംബശ്രീ അംഗങ്ങളുടെ വഴിയോര ഭക്ഷണശാലകളും, വ്യത്യസ്ത കലാപരിപാടികളും വീഥിയിലുണ്ടാകും. റോഡിനോട് ചേർന്ന് മൂന്ന് മൊബൈൽ ഫുഡ് വെൻഡിംഗ് ട്രക്കുകളും സ്ഥാപിക്കും. ഇവന്റ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി കോർപ്പറേഷനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി പോർട്ടൽ സജ്ജീകരിക്കും.
വാണിജ്യപരവും അല്ലാത്തതുമായ ഇവന്റുകൾക്ക് അനുമതി നൽകും. വാണിജ്യ ഇവന്റുകൾക്ക് കോർപ്പറേഷൻ ഫീസ് ഈടാക്കും. ലൈറ്റിംഗുകളും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. വൈദ്യുതി, വെള്ളം, മാലിന്യ സംസ്‌കരണം എന്നിവയുടെ ചുമതല കോർപ്പറേഷനാണ്.