തൊഴിൽ വിപണിയിലെ സ്ത്രീകളുടെ പങ്ക്:പഠനത്തിന് ക്ലോഡിയ ഗോള്‍ഡിന് സാമ്പത്തിക നൊബേൽ

0
197

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്. ആഗോള തൊഴിൽ മേഖലയിലെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണത്തിനാണ് ക്ലോഡിയ ഗോള്‍ഡിന് പുരസ്‌കാരം ലഭിച്ചത്. ഹാർവാർഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറായ ക്ലോഡിയ 2009-ൽ എലിനോർ ഓസ്‌ട്രോമിനും 2019-ൽ എസ്തർ ഡഫ്‌ലോയ്ക്കും ശേഷം ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ്.

തൊഴിലിടങ്ങളിൽ ഏതാനും പതിറ്റാണ്ടുകളായി സ്ത്രീകളുടെ പ്രതിനിധ്യം കൂടി വരികയാണ്. ഇതോടൊപ്പം തന്നെ നിരവധി അവഗണനകളും പ്രതിസന്ധികളുമാണ് തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടിലെ സ്ത്രീകളുടെ വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ കണക്ക് ക്ലോഡിയ ഗോൾഡിൻ നൽകി. സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തത്തെ കുറിച്ചുള്ള കണക്കുകൾ തങ്ങളുടെ ധാരണ തിരുത്തിയെന്നും, വസ്തുതകൾ കാര്യക്ഷമമായി വിലയിരുത്താൻ സാധിച്ചുവെന്നും 2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പറഞ്ഞു.

ഡിസംബറിൽ ഓസ്ലോയിലും സ്റ്റോക്ക്ഹോമിലും നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഏകദേശം 1 മില്യൺ ഡോളർ ക്യാഷ് അവാർഡും (ഏകദേശം എട്ടര കോടി രൂപ) 18 കാരറ്റ് സ്വർണ്ണ മെഡലും വിജയികൾക്ക് ലഭിക്കും. 1969-ൽ ഈ പുരസ്‌കാരം ആരംഭിച്ചതിന് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ ഗോൾഡിൻ. 92 സാമ്പത്തിക ശാസ്ത്ര പുരസ്‌കാര ജേതാക്കളിൽ രണ്ട് പേർ മാത്രമാണ് വനിതകൾ.