ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം തിരിച്ചുപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും എം.ഡിയുമായ മുകേഷ് അംബാനി. ഹുറൂണ്‍ 360യും വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് 8.08 ലക്ഷം കോടി രൂപയുടെ മൊത്തം ആസ്തിയുമായി 66 കാരനായ മുകേഷ് അംബാനി ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2% വർധനവാണ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത്.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടർന്ന് സമ്പത്തില്‍ ഗണ്യമായ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ മറികടന്നാണ് മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായത്. 4.74 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ സൈറസ് എസ്. പൂനവാല പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 2023ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ മൊത്തം സമ്പത്ത് 2.78 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36% വർധനവാണ് ആസ്തിയിൽ ഉണ്ടായിരിക്കുന്നത്.
2.29 ലക്ഷം കോടി രൂപ ആസ്തിയുമായി എച്ച്.സി.എല്ലിന്റെ ശിവ് നാടാര്‍ നാലാം സ്ഥാനം നിലനിര്‍ത്തി. അഞ്ചാം സ്ഥാനത്ത് 1.76 ലക്ഷം കോടി രൂപയുമായി ഗോപിചന്ദ് ഹിന്ദുജയും കുടുംബവും, ആറാം സ്ഥാനത്ത് 1.64 ലക്ഷം കോടി രൂപയുമായി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനായ ദിലീപ് സാംഘ്വിയുമെത്തി. അതേസമയം ഇന്ത്യയിലെ ടോപ്പ് 10 ലിസ്റ്റില്‍ നിന്ന് വിനോദ് അദാനിയും ഉദയ് കൊട്ടക്കും പുറത്തായി.
ഇന്ത്യയിൽ താമസിക്കുന്നതോ ജനിച്ചതോ വളർന്നതോ ആയ വ്യക്തികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഈ വർഷം, സഞ്ചിത സമ്പത്ത് 8.5% വർദ്ധിച്ചു. അതേസമയം ശരാശരി സമ്പത്ത് 9.3% കുറഞ്ഞു. 259 ശതകോടീശ്വരന്മാരാണ് ഇന്ത്യയിൽ ഇപ്പോൾ ഉള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 38 പേരുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.