ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023: ബൈജു രവീന്ദ്രന്‍ പുറത്ത്

0
144

ഹുറൂണും 360 വണ്‍ വെല്‍ത്തും ചേര്‍ന്ന് പുറത്തിറക്കിയ 2023ലെ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പുറത്ത്. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം യുഎസ് ആസ്ഥാനമായ ബ്ലാക്ക് റോക്ക്, പ്രോസസ് തുടങ്ങിയ നിക്ഷേപകർ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായത്.

ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ൽ 49-ാം സ്ഥാനത്തായിരുന്ന രവീന്ദ്രന്റെ സ്വകാര്യ സ്വത്ത് 3.3 ബില്യൺ ഡോളറായിരുന്നു. 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് റിപ്പോർട്ട് ചെയ്തത്. 2020-21 ൽ, സ്ഥാപനത്തിന്റെ നഷ്ടം 2019-20 ലെ 231.69 കോടി രൂപയിൽ നിന്ന് ഗണ്യമായി ഉയർന്നിരുന്നു. 2020 സാമ്പത്തിക വർഷത്തിലെ 2,511 കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 2,428 കോടി രൂപയായി കുറഞ്ഞു. അതേസമയം 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം നാലിരട്ടി വർധിച്ച് 10,000 കോടി രൂപയായിരുന്നു.

1,000 കോടി രൂപയിലധികം ആസ്തിയുള്ള 1,319 പേരാണ് ഇത്തവണ പട്ടികയിലിടം പിടിച്ചത്. 216 പേര്‍ പുതുതായി പട്ടികയിലുള്‍പ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 76 ശതമാനം വര്‍ധനയാണ് 1,000 കോടി വരുമാനം നേടുന്ന വ്യക്തികളുടെ എണ്ണത്തിലുണ്ടായത്.