രാജ്യത്ത് വ്യക്തിഗത ആദായ നികുതി പിരിവിൽ കുതിപ്പ്:കോർപ്പറേറ്റ് നികുതിയേക്കാൾ കൂടുതൽ

0
179

രാജ്യത്ത് വ്യക്തിഗത ആദായനികുതി പിരിവിലെ വളര്‍ച്ചാ നിരക്ക് കമ്പനികള്‍ അടയ്ക്കുന്ന കോര്‍പ്പറേറ്റ് ആദായ നികുതിയേക്കാള്‍ രണ്ട് മടങ്ങ് കൂടുതൽ. നടപ്പുവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള കണക്കുപ്രകാരം കോര്‍പ്പറേറ്റ് നികുതി പിരിവിലെ വളര്‍ച്ചാനിരക്ക് 12.39 ശതമാനമാണ്. ഇക്കാലയളവിലെ വ്യക്തിഗത ആദായനികുതി പിരിവിലെ വളര്‍ച്ച 31.85 ശതമാനമാണെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് വ്യക്തമാക്കി. അതേസമയം, വ്യക്തിഗത ആദായനികുതി ഇനത്തില്‍ 35 ലക്ഷം റീഫണ്ട് അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. ഇത് അതിവേഗം തീര്‍പ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

നേരിട്ടുള്ള നികുതി പിരിവ്(വ്യക്തിഗത ആദായനികുതി) ഏകദേശം 18 ശതമാനം വളർച്ച കൈവരിച്ച് 11 ലക്ഷം കോടി രൂപയിലെത്തി. ഏകദേശം ₹1.50 ലക്ഷം കോടിയുടെ റീഫണ്ട് കിഴിച്ചതിന് ശേഷം, അറ്റ പ്രത്യക്ഷ നികുതി പിരിവ് ₹9.57 ലക്ഷം കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 22 ശതമാനം കൂടുതലാണിത്. പ്രസ്തുത കാലയളവിൽ, നെറ്റ് കോര്‍പ്പറേറ്റ് ആദായ നികുതി 12 ശതമാനത്തിലധികം വളർന്നു. അതേസമയം സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് ഉൾപ്പെടെയുള്ള മൊത്ത കോര്‍പ്പറേറ്റ് ആദായ നികുതി വളർച്ച 32 ശതമാനമായിരുന്നു.

നികുതി, നികുതി റിട്ടേണ്‍ എന്നിവ സമര്‍പ്പിക്കുന്നതിനുള്ള മെച്ചപ്പെട്ട സാങ്കേതിക സൗകര്യങ്ങള്‍, ബോധവത്കരണങ്ങളുടെ ഫലമായി നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന, പുതിയ നികുതിദായകരുടെ വര്‍ധന എന്നിവയാണ് വ്യക്തിഗത ആദായ നികുതി പിരിവ് കുതിച്ചുയരാന്‍ കാരണമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) പുതുതായി 53 ലക്ഷം പേരാണ് ആദായനികുതി ദായകരായത്.