ആനന്ത് അംബാനിയെ റിലയൻസ് ബോർഡിൽ നിയമിക്കരുതെന്ന് പ്രോക്സി ഉപദേശകര്‍

0
176

റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോര്‍ഡിലേക്ക് മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ത് അംബാനിയെ നിയമിക്കുന്നതിനെതിരെ സ്ഥാപന നിക്ഷേപകർ വോട്ട് ചെയ്യണമെന്ന് പ്രോക്സി ഉപദേശക സ്ഥാപനമായ ഐഐഎഎസ്. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്ന രീതിയില്‍ തീരുമാനമെടുക്കുന്നതിന് ഉപദേശങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് പ്രോക്സി ഉപദേശകര്‍. 28 വയസ് മാത്രമാണ് ആനന്തിന്‍റെ പ്രായം. ഈ പ്രായത്തില്‍ നോൺ-എക്‌സിക്യൂട്ടീവ്, നോൺ-ഇൻഡിപെൻഡന്റ് ഡയറക്‌ടറായുളള അദ്ദേഹത്തിന്റെ നിയമനം വോട്ടിംഗ് മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഐഐഎഎസ് ശുപാർശ കുറിപ്പിൽ പറഞ്ഞു.

അതേ സമയം 31 വയസുള്ള ആകാശ് അംബാനി, ഇഷ അംബാനി എന്നിവരുടെ നിയമനത്തിന് ഐഐഎഎസ് പച്ചക്കൊടി കാട്ടി. പത്ത് വര്‍ഷമോ, മുപ്പത് വയസിന് മുകളിലോ ഉള്ള പ്രവൃത്തി പരിചയമുണ്ടെങ്കിലാണ് ഈ പദവിക്ക് പരിഗണിക്കുന്നതിന് ഐഐഎഎസ് ശുപാര്‍ശ ചെയ്യുക. ഈ മാനദണ്ഡമാണ് ആനന്ത് അംബാനിക്ക് തിരിച്ചടിയായിരിക്കുന്നത്. അതേ സമയം എല്ലാ പ്രോക്സി ഉപദേശക സ്ഥാപനങ്ങളും ആനന്തിന്റെ ബോർഡിലെ നിയമനത്തിന് എതിരല്ല. ഇൻഗോവർൺ പ്രോക്സി ഉപദേശകർ മൂന്ന് നിയമനങ്ങൾക്കും അനുകൂലമായി വോട്ട് ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്.

സെപ്റ്റംബറിലാണ് റിമോട്ട് ഇ-വോട്ടിംഗ് വഴി ഇഷ, ആകാശ്, ആനന്ത് എന്നിവരെ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിക്കുന്നതിന് കമ്പനിയിലെ അംഗങ്ങളുടെ അംഗീകാരം തേടിയുള്ള പോസ്റ്റൽ ബാലറ്റ് നോട്ടീസ് റിലയൻസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചത്. ഇ-വോട്ടിംഗ് ഒക്ടോബർ 26-ന് അവസാനിക്കും.