2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) 12ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകൾ വ്യക്തമാക്കിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 339.55 കോടി രൂപയായിരുന്നു. 2022-23 ൽ 4.21 കോടി രൂപയുടെ നഷ്ടം കുറയ്ക്കാന്‍ കെ.എം.ആര്‍.എല്ലിന് കഴിഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം 2022-23 കാലയളവില്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 2.48 കോടിയാണ്. ടിക്കറ്റ് വരുമാനം 75.48 കോടി രൂപയും. 2021-22ല്‍ യാത്രക്കാരുടെ എണ്ണം 96.94 ലക്ഷവും ടിക്കറ്റ് വരുമാനം 30.78 കോടി രൂപയുമായിരുന്നു. രണ്ട് വർഷത്തിനിടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി. 2020-21 ലെ 12.9 കോടി രൂപയിൽ നിന്ന് 2022-23 ൽ 75.49 കോടി രൂപയായി വർധിച്ചപ്പോൾ, കൊച്ചി മെട്രോ ആദ്യമായി 5.35 കോടി രൂപ പ്രവർത്തന ലാഭവും നേടി.
കെ.എം.ആര്‍.എല്ലിന്റെ നോണ്‍-ഫെയര്‍ ബോക്സ് വരുമാനവും 2021-22 ലെ 32 കോടി രൂപയില്‍ നിന്ന് 2022-23ല്‍ 43 കോടി രൂപയായി വര്‍ധിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 42% വര്‍ധിച്ച് 201 കോടി രൂപയായി. പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോ പാതയുടെ ഫേസ് 1-എ എക്സ്റ്റന്‍ഷന്‍ ലൈനും ഇത്തവണ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.ഡിയില്‍ നിന്നുള്ള 1,372.62 കോടി രൂപയും കാനറ ബാങ്കില്‍ നിന്നുള്ള 1,086.15 കോടി രൂപയുമാണ് 2023 മാര്‍ച്ച് 31 ലെ കണക്ക് അനുസരിച്ച് കെ.എം.ആര്‍.എല്ലിന്റെ മൊത്തം വായ്പ കുടിശ്ശിക തുക.