സൊമാറ്റോ കൊറിയര്‍ സേവനത്തിലേക്കും; ‘എക്സ്ട്രീമിന്’ തുടക്കം

0
146

കൊറിയർ സേവനം ആരംഭിച്ച് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. സൊമാറ്റോയുടെ ഫുഡ് ഡെലിവറി ലഭ്യമായ ഏകദേശം 750-800 നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിപുലമായ ഇരുചക്രവാഹന വിഭാഗത്തെ ഉൾക്കൊള്ളിച്ചാണ് ഹൈപ്പർലോക്കൽ ഡെലിവറി സേവനമായ ‘എക്‌സ്ട്രീം’ സൊമാറ്റോ അവതരിപ്പിച്ചത്.

എക്‌സ്‌ട്രീം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഡോക്യുമെന്റുകൾ, മരുന്നുകൾ, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ അയയ്ക്കാൻ കഴിയും. 10 കിലോഗ്രാം വരെ ഭാരമുള്ള പാക്കേജുകളാണ് എക്‌സ്‌ട്രീമിലൂടെ അയയ്ക്കാൻ കഴിയുക. ചെറുതും വലുതുമായ ബിസിനസ്സുകളെയാണ് എക്‌സ്‌ട്രീം ലക്ഷ്യമിടുന്നത്. ആദ്യ കിലോമീറ്ററിന് 25 രൂപയാണ് നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും താരിഫ് വർധിക്കും. ചരക്ക് സേവന നികുതി (ജിഎസ്‌ടി) ഒഴികെയുള്ള നിരക്കാണിത്.

കൊറിയർ സേവന മേഖലയിലേക്കുള്ള സൊമാറ്റോയുടെ പ്രവേശനം സമാന സേവനങ്ങൾ നൽകുന്ന ഡൺസോ, ഒല, സ്വിഗ്ഗി തുടങ്ങിയ എതിരാളികളിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് വിലയിരുത്തൽ. അടുത്തിടെയാണ്, ഒല ബെംഗളൂരുവിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ച് പാഴ്സൽ പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് സേവനം അവതരിപ്പിച്ചത്. സ്വിഗ്ഗി ജീനിയാണ് സ്വിഗ്ഗിയുടെ കൊറിയർ സേവന വിഭാഗം. കൊറിയർ സേവനങ്ങളുടെ ആരംഭം ഭക്ഷണ വിതരണത്തോടൊപ്പം, സൊമാറ്റോയ്ക്ക് അധിക വരുമാനം നേടിക്കൊടുക്കും.