ചരിത്ര നേട്ടത്തിൽ കൊച്ചിയിലെ ഇക്വിനോക്ട്: യുണിസെഫിന്റെ ക്ലൈമറ്റ് ടെക് ഫണ്ട് നേടുന്ന ആദ്യ ഇന്ത്യൻ സംരംഭം

0
172

യൂണിസെഫ് ക്ലൈമറ്റ് ടെക് കൊഹോർട്ട് വെഞ്ച്വർ ഫണ്ട് പ്രോജക്റ്റ് നേടുന്ന ആദ്യ ഇന്ത്യൻ സംരംഭമെന്ന നേട്ടം കൈവരിച്ച് കൊച്ചി ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി സോഴ്‌സ് മോഡലിംഗ് സൊല്യൂഷൻ പ്രൊവൈഡറായ ഇക്വിനോക്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്ന പ്രദേശങ്ങളിൽ ജനപങ്കാളിത്തത്തോടെയുള്ള ശാസ്ത്രീയ അതിജീവന സാധ്യതകൾ പഠിക്കുന്ന ടെക് സ്റ്റാർട്ടപ്പ് സംരംഭമാണ് ഇക്വിനോക്ട്. 72 രാജ്യങ്ങളിൽ നിന്നുള്ള 400 സ്റ്റാർട്ടപ്പുകളിൽ നിന്ന് വെറും 7 സ്റ്റാർട്ടപ്പുകളാണ് പ്രഥമ യൂണിസെഫ് ഇന്നൊവേഷൻ ഫണ്ട് നേടിയത്.

പെരിയാർ, ചാലക്കുടി നദീതടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഇക്വിനോക്ട് നൽകിയ കമ്മ്യൂണിറ്റി സോഴ്‌സ്ഡ് ഇംപാക്റ്റ് അധിഷ്ഠിത പ്രളയ പ്രവചനവും മുൻകൂർ മുന്നറിയിപ്പ് സംവിധാനവും യുണിസെഫിന്റെ അംഗീകാരം നേടി.

കാലാവസ്ഥാ വ്യതിയാനം, പ്രളയ മുന്നറിയിപ്പ് തുടങ്ങിയവ നൽകുന്ന സംവിധാനങ്ങൾക്ക് ദുരന്ത ലഘൂകരണത്തിന് സഹായകമാകുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിൽ പോരായ്മകൾ ഉണ്ട്. ഈ പോരായ്മ പരിഹരിക്കുന്നതിന് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ഇക്വിനോക്ട്. പ്രോജക്റ്റിന് ഒരു വർഷത്തേക്ക് ധനസഹായം ലഭിക്കും. കമ്പനിയുടെ പ്രകടനത്തെയും സൃഷ്ടിച്ച പരിഹാരങ്ങളെയും ആശ്രയിച്ചിരിക്കും പിന്നീടുള്ള സഹായങ്ങൾ. അതേസമയം അസോസിയേഷൻ ആഗോള വിദഗ്ധരുടെ മാർഗനിർദേശങ്ങൾ ഉറപ്പാക്കും. സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജയരാമൻ ചില്ലയിൽ, സഹസ്ഥാപകനും സി.ഇ.ഒയുമായ ഡോ.സി.ജി. മധുസൂദനൻ എന്നിവരാണ് ഇക്വിനോക്ടിന്റെ സാരഥികൾ.