ഐ.ബി.എമ്മിന്റെ രാജ്യത്തെ പ്രധാന ഡെവലപ്മെന്റ് സെന്ററാകാൻ കൊച്ചി

0
179

കൊച്ചിയിലെ തങ്ങളുടെ സോഫ്റ്റ്‍വെയര്‍ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്മെന്റ് സെന്ററാക്കി മാറ്റാൻ ആഗോള ഐ.ടി വമ്പനായ ഐ.ബി.എം. കഴിഞ്ഞ ദിവസം ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മലും വ്യവസായ മന്ത്രി പി. രാജീവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണു പ്രഖ്യാപനം. കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പ്രവര്‍ത്തനം വിപുലീകരിക്കാനുളള കമ്പനിയുടെ തീരുമാനം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡാറ്റാ അനാലിസിസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൊച്ചി സെന്റർ, ഒരു വർഷത്തിനുള്ളിൽ 1,500 ജീവനക്കാരായി വികസിച്ചു. ഐബിഎമ്മിന്റെ ഇന്ത്യയിലെ അഞ്ച് സോഫ്റ്റ്‌വെയർ ലാബുകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന കേന്ദ്രമാണ് കൊച്ചിയിലേത്.


കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസം ദൈർഘ്യമുള്ള മുഴുവന്‍ സമയ പ്രതിഫലം ലഭിക്കുന്ന ഇന്‍റേണ്‍ഷിപ്പ് നല്‍കാനും ഐബിഎമ്മുമായി ധാരണയായി. ഇതു വഴി വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തന പരിചയം ലഭ്യമാക്കാൻ സാധിക്കും. കൊച്ചിയിലെ ഐബിഎം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ ഐബിഎമ്മിന്‍റെ സോഫ്‌റ്റ്‌വെയർ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്പനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതയും വർധിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.