തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് പ്രാരംഭ ഓഹരി വിൽപന (IPO) നടത്താൻ അനുമതി നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(Sebi). അനുമതി ലഭിച്ചതിനാൽ അടുത്ത 12 മാസത്തിനകം ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ ഇസാഫ് ബാങ്കിന് കഴിയും. കഴിഞ്ഞ ജൂലൈയിലാണ് ഐ.പി.ഒയ്ക്കായി ഇസാഫ് ബാങ്ക് സെബിക്ക് അപേക്ഷ സമർപ്പിച്ചത്. ഇതിന് മുമ്പ് രണ്ട് തവണ അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നെങ്കിലും പ്രതികൂല വിപണി സാഹചര്യങ്ങൾ മൂലം ഐ.പി.ഒ നടത്തിയിരുന്നില്ല. അനുമതി ലഭിച്ച് ഒരു വർഷത്തിനകം ഐ.പി.ഒ നടത്തിയില്ലെങ്കിൽ അനുമതി അസാധുവാകും. ഈ പശ്ചാത്തലത്തിലാണ് ഐ.പി.ഒയ്ക്കായി മൂന്നാമതും അപേക്ഷിച്ചത്.
ആകെ 629 കോടി രൂപയാകും ഐ.പി.ഒയിലൂടെ ഇസാഫ് സമാഹരിക്കുക. ഇതിൽ 486.74 കോടി രൂപ പുതിയ ഓഹരികളായിരിക്കും. നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിലിലൂടെ 142.30 കോടി രൂപയും സമാഹരിക്കും. ഇസാഫ് ബാങ്കിന്റെ 74.43 ശതമാനം ഓഹരികളും പ്രൊമോട്ടർമാരുടെ കൈവശമാണ്. ബാക്കി പൊതു ഓഹരി ഉടമകളുടെ കൈവശവും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, മുത്തൂറ്റ് ഫിനാൻസ്, പി.എൻ.ബി മെറ്റലൈഫ് ഇന്ത്യ ഇൻഷ്വറൻസ്, ബജാജ് അലയൻസ് ലൈഫ്, പി.ഐ വെഞ്ചേഴ്സ് തുടങ്ങിയവർ പൊതു ഓഹരി ഉടമകളിൽ ഉൾപ്പെടുന്നവരാണ്.