ട്രെയിൻ യാത്രയിലും ഭക്ഷണവുമായി സൊമാറ്റോ എത്തും:കരാറൊപ്പിട്ട് ഐ.ആർ.സി.ടി.സി.

0
147

ഐ.ആർ.സി.ടി.സിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ഇ-കാറ്ററിംഗ് പോർട്ടൽ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണം വിതരണം ചെയ്യുന്നതിന് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുമായി കരാറിലേർപ്പെട്ട് ഐ.ആർ.സി.ടി.സി. ന്യൂഡൽഹി, പ്രയാഗ് രാജ്, കാൺപൂർ, ലഖ്നൗ, വാരണാസി എന്നീ അഞ്ച് പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ആരംഭിച്ചു. വൈകാതെ ഈ സൗകര്യം മറ്റ് റെയിൽവേ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.

ആരോഗ്യവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കാൻ ട്രെയിൻ യാത്രയിൽ അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് അടുത്തിടെ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷണം വാങ്ങാൻ അനധികൃത കച്ചവടക്കാരെ ഒഴിവാക്കി കൊണ്ട് റെയിൽവേ മുന്നോട്ട് വയ്ക്കുന്ന മാർഗമാണ് ഐ.ആർ.സി.ടി.സിയുടെ ഇ-കാറ്ററിംഗ് സംവിധാനം.

ഉത്സവങ്ങൾക്ക് മുന്നോടിയായി റെയിൽവേ കാറ്ററിംഗ് സർവീസ് യാത്രക്കാർക്കായി പ്രത്യേക സേവനങ്ങളും ഓഫറുകളും നൽകുന്നുണ്ട്. വ്രതമനുഷ്ഠിക്കുന്ന യാത്രക്കാരുടെ പ്രത്യേക ആവശ്യം കണക്കിലെടുത്ത് ഐആർസിടിസിയുടെ കാറ്ററിംഗ് വിഭാഗം പ്രത്യേക നവരാത്രി താലികളും പ്രഖ്യാപിച്ചിട്ടുണ്ട്.