ക്രിപ്‌റ്റോ ആസ്തികളുടെ നിരോധനം:നിലപാടിൽ മാറ്റമില്ലെന്ന് ആർബിഐ ഗവർണർ

0
188

ക്രിപ്റ്റോ ആസ്തികൾ നിരോധിക്കണമെന്ന സെൻട്രൽ ബാങ്കിന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൃത്യമായൊരു നിയന്ത്രണ ഏജൻസി ഇല്ലാത്തതിനാൽ കള്ളപ്പണം, തട്ടിപ്പ്, തീവ്രവാദ ഫണ്ടിംഗിനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് എല്ലാ ക്രിപ്റ്റോകളും നിരോധിക്കണമെന്നാണ് ആർ.ബി.ഐയുടെ നിലപാട്. അതേസമയം മറ്റ് നിരവധി ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിനാൽ ക്രിപ്റ്റോയുടെ പിന്നിലുള്ള ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെ ആർ.ബി.ഐ പിന്തുണയ്ക്കുന്നുണ്ട്.

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റിസർവ് ബാങ്ക് രാജ്യത്തിന്റെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) പുറത്തിറക്കിയത്. എന്നാൽ ക്രിപ്റ്റോ ആസ്തികൾ നിരോധിക്കുന്നതിലെ റിസർവ് ബാങ്കിന്റെ നിലപാടിൽ മാറ്റമില്ല. അന്താരാഷ്ട നാണ്യനിധിയുടെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ സിന്തസിസ് പേപ്പറും ക്രിപ്റ്റോയിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകളെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം ആദ്യം മാരാക്കേച്ചിൽ നടന്ന ജി20 യോഗത്തിൽ വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ക്രിപ്റ്റോ ആസ്തികളെക്കുറിച്ചുള്ള ചർച്ച നടത്തിയ ശേഷം ക്രിപ്റ്റോ ആസ്തികൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച് സർക്കാർ ഒരു കരാറിലെത്തുമെന്ന് പ്രാദേശിക ക്രിപ്റ്റോ വ്യവസായം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് തന്നെയാണ് റിസർവ് ബാങ്ക് വ്യക്തമാക്കുന്നത്.