യുദ്ധം അവസാനിക്കും വരെ ഇസ്രായേൽ പോലീസിന് യൂണിഫോം നൽകില്ല:ഓർഡറുകൾ സ്വീകരിക്കാതെ കേരള കമ്പനി

0
395

യുദ്ധം അവസാനിക്കുന്നത് വരെ ഇസ്രായേൽ പോലീസിന് യൂണിഫോം നിർമ്മിച്ച് നൽകില്ലെന്ന് പ്രഖ്യാപിച്ച് മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ് ഉടമ തോമസ് ഓലിക്കൽ. പലസ്തീനിലെ ആശുപത്രികളിൽ അടുത്തിടെയുണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സേനയിൽ നിന്നുള്ള പുതിയ ഓർഡറുകൾ താൽക്കാലികമായി മരവിപ്പിച്ചത്. പുതിയ ഓർഡറുകൾ ഉടനെടുക്കില്ലെന്നും കരാർ പ്രകാരമുള്ളവ മാത്രമാണ് ഇപ്പോൾ നിർമിച്ച് നൽകിയിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി.

2012 മുതൽ കണ്ണൂരിലുള്ള മരിയൻ അപ്പാരൽ ഇസ്രായേലി പോലീസുകാർക്കായി യൂണിഫോം നിർമിച്ച് നൽകുന്നുണ്ട്. ഇസ്രായേൽ പോലീസ് സേനയുടെ ഇളം നീല, നീളൻ കൈയുള്ള യൂണിഫോം ഷർട്ടുകളാണ് കമ്പനി നിർമ്മിക്കുന്നത്. ഒരു ലക്ഷം യൂണിഫോം നേരത്തെയുള്ള ഓർഡറിൽ ചെയ്ത് കൊടുത്ത് ഡെലിവറി പൂർത്തിയാകാറായി. ഒരു ലക്ഷത്തിന് കൂടി പുതിയ അന്വേഷണം ഉണ്ടായെങ്കിലും ഉടൻ ഉത്പ്പാദനമുണ്ടാകില്ല. യുദ്ധം അവസാനിച്ച് സമാധാനം പുനഃസ്ഥാപിച്ചാൽ മാത്രമേ പുതിയ ഓർഡറുകളെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്നും കമ്പനി നിലപാടറിയിച്ചു.