രാജ്യത്തെ ഈ വർഷത്ത ഉത്സവകാല വിൽപ്പനയുടെ ആദ്യ ആഴ്ചയിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നടത്തിയത് 47,000 കോടി രൂപയുടെ വിൽപ്പന. മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 19% വളർച്ചയുണ്ടായെന്നും റെഡ്സീറിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നു.
വിൽപ്പനയുടെ 67% മൊബൈലുകൾ, ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയാണ്. ഉപഭോക്താക്കളിൽ 25 ശതമാനത്തിൽ അധികം പേരും സൗന്ദര്യ-വ്യക്തിഗത പരിചരണം, ഫാഷൻ തുടങ്ങിയ മേഖലകളിലെ ഉത്പ്പന്നങ്ങളാണ് വാങ്ങുന്നത്. സർവേയിൽ പങ്കെടുത്ത 55% ഉപഭോക്താക്കളും ആദ്യ ആഴ്ചയിൽ തന്നെ ഷോപ്പിംഗ് നടത്തിയവരാണ്. ഉപഭോക്താക്കളിൽ 30% പേരും എളുപ്പത്തിൽ ലഭ്യമാകുന്ന ഫിനാൻസിംഗ് ഓപ്ഷനുകൾ ഉപയോഗിച്ചതായും റിപ്പോർട്ട് പറയുന്നു. ശേഷിക്കുന്ന ദിവസങ്ങളിലും വിൽപ്പന വർധിക്കുമെന്നാണ് വിലയിരുത്തൽ.
ഫ്‌ളിപ്കാർട്ട്, മിന്ത്ര, ഷോപ്പ്‌സി എന്നിവ ഉൾപ്പെടുന്ന ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ആദ്യ ആഴ്ചയിൽ 63 ശതമാനം ഓഹരിയുമായി മൊത്ത വ്യാപാര മൂല്യത്തിൽ (ജിഎംവി) 29,610 കോടി രൂപയുടെ വ്യാപാരം നടത്തി. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ബിഗ് ബില്യൺ ഡേയ്സ് എന്നീ വിൽപ്പയിലൂടെ ആമസോണും ഫ്ളിപ്കാർട്ടും ഡിസ്കൗണ്ടുകൾ, ഡീലുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ എന്നിവയോടെയാണ് വിവിധ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചത്.