സുസ്ഥിര വികസനത്തിന് കരുത്തേകുന്ന വികസന മാതൃക: കിഫ്ബിയെക്കുറിച്ച് കൂടുതൽ അറിയാം

0
122

സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിൽ മുഖ്യപങ്ക് വഹിക്കുന്ന സംവിധാനമാണ് കിഫ്ബി. സുസ്ഥിര വികസനത്തിന് കരുത്തേകുന്ന സംസ്ഥാന വികസന മാതൃകയായ കിഫ്ബിയെക്കുറിച്ച് കൂടുതൽ അറിയാം.

ഏത് മേഖലയിലേയും വികസനത്തിന്റെ നട്ടെല്ലാണ് അടിസ്ഥാന സൗകര്യങ്ങൾ. സാമ്പത്തിക ഭൂപടത്തിൽ ഓരോ രാജ്യത്തിന്റെയും സ്ഥാനവും, ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അതിലെ ജനങ്ങളുടെ ജീവിത നിലവാരവും തീരുമാനിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ്. മികച്ച നയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിന് 1999 നവംബര്‍ 11 നാണ് സര്‍ക്കാരേതിര സ്രോതസ്സുകളില്‍ നിന്നും പണം ശേഖരിക്കാനുള്ള സംവിധാനമായ കിഫ്ബി (കേരള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്/ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോര്‍ഡ്) രൂപീകൃതമായത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും സാമ്പത്തികമേഖലയിലെ മാന്ദ്യത്തെ പ്രതിരോധിക്കുകയുമാണ് കിഫ്ബിയുടെ ലക്ഷ്യം. 1996 ലെ കേരള നിയമസഭ പാസാക്കിയ കിഫ്ബി ആക്ടും 2016 ല്‍ ഉണ്ടായ ഭേദഗതിയുമാണ് കിഫ്ബിയുടെ നിയമപരമായ അടിത്തറ. മസാലബോണ്ട്, പ്രവാസി ചിട്ടി ബോണ്ട്, പെട്രോളിയം സെസ്, ടേം ലോണ്‍, നബാര്‍ഡ് ലോണ്‍, നോര്‍ക്ക ലോണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് കിഫ്ബി ധനസമാഹരണം നടത്തുന്നത്.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കിഫ്ബി പദ്ധതികള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ 29551.39 കോടി രൂപയുടെ 485 പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിന്റേതാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ അടക്കമുള്ളവ സംസ്ഥാനത്തിന്റെ വികസനചിത്രത്തെ കൂടുതല്‍ മിഴിവുള്ളതാക്കുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതായി 2901.18 കോടി രൂപയുടെ 143 പദ്ധതികളാണുള്ളത്. 45000 സ്മാര്‍ട്ക്ലാസ് റൂമുകള്‍ അടക്കമുള്ള വികസനം സംസ്ഥാനത്തിന്റെ പൊതുവിദ്യാലയമേഖലയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു. ജലവിഭവ വകുപ്പിന് കീഴില്‍ 6487.80 കോടി രൂപയുടെ 96 പദ്ധതികള്‍ക്കും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ 5712.57 കോടി രൂപയുടെ 73 പദ്ധതികള്‍ക്കും അനുമതിയായിട്ടുണ്ട്. ഊർജ മേഖലയില്‍ 5200 കോടിയുടെ 18 പദ്ധതികളാണുള്ളത്. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിലേക്ക് 2239.58 കോടിയുടെ 10 പദ്ധതികള്‍ക്ക് കിഫ്ബി അനുമതിയായിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ 1752.35 കോടി രൂപയുടെ 61 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഐടി വകുപ്പിന് കീഴില്‍ 1412.86 കോടി രൂപയുടെ മൂന്ന് പദ്ധതികളുണ്ട്. സ്‌പോര്‍ട്‌സ് യുവജനകാര്യവകുപ്പിന്റെ 834.86 കോടിയുടെ 10 പദ്ധതികള്‍, ടൂറിസം വകുപ്പിന് കീഴില്‍ 506.11 കോടിയുടെ 12 പദ്ധതികള്‍, ഗതാഗത വകുപ്പിന് കീഴില്‍ 600.98 കോടിയുടെ 3 പദ്ധതികള്‍, പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ 182.23 കോടിയുടെ 10 പദ്ധതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 658.04 കോടിയുടെ 23 പദ്ധതികള്‍, റവന്യൂ വകുപ്പിന് കീഴിലെ 32.62 കോടിയുടെ 2 പദ്ധതികള്‍, രജിസ്‌ട്രേഷന്‍ വകുപ്പിന് കീഴില്‍ 88.65 കോടിയുടെ 6 പദ്ധതികള്‍ തുടങ്ങിയവക്കും അനുമതി നല്‍കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന് കീഴില്‍ 225.19 കോടിയുടെ 6 പദ്ധതികള്‍, കൃഷി വകുപ്പിന് കീഴില്‍ 21.43 കോടിയുടെ ഒരു പദ്ധതി, മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ 183.06 കോടിയുടെ ഒരു പദ്ധതി, ആയുഷ് വകുപ്പിന് കീഴില്‍ 183.06 കോടിയുടെ 2 പദ്ധതികള്‍, പിന്നാക്ക വിഭാഗ വികസന വകുപ്പിന് കീഴില്‍ 17.73 കോടിയുടെ ഒരു പദ്ധതി, സാംസ്‌കാരിക വകുപ്പിന് കീഴില്‍ 477.28 കോടിയുടെ 17 പദ്ധതികള്‍, ദേവസ്വത്തിന് കീഴില്‍ 138.51 കോടിയുടെ 2 പദ്ധതികള്‍, മല്‍സ്യബന്ധനവും തുറമുഖങ്ങളും വകുപ്പിന് കീഴില്‍ 521.64കോടിയുടെ 26 പദ്ധതികള്‍, വ്യവസായവകുപ്പിന് കീഴില്‍ 62.16 കോടിയുടെ ഒരു പദ്ധതി, തൊഴില്‍-വൈദഗ്ധ്യ വകുപ്പിന് കീഴില്‍ 85.91 കോടിയുടെ 5 പദ്ധതികള്‍ എന്നിങ്ങനെയാണ് കിഫ്ബി അനുമതി നല്‍കിയ മറ്റു പദ്ധതികള്‍.

ഇതിനുപുറമേ വിവിധ പദ്ധതികള്‍ക്കായി 20000 കോടിയോളം രൂപയുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ പൊതുമരാമത്തിനും എന്‍എച്ച്എഐയ്ക്കും വേണ്ടി ദേശീയ പാതാവികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് 6769.01 കോടി രൂപയും, മൂന്ന് വ്യവസായ പാര്‍ക്കുകള്‍, എച്ച്എന്‍എല്ലില്‍ നിന്നുള്ള ഭൂമി ഏറ്റെടുക്കല്‍, കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴി, ഗിഫ്റ്റ് സിറ്റി എന്നിങ്ങനെ ആറ് ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കായി 16,108.16 കോടി രൂപയും ഉള്‍പ്പെടുന്നു.

അങ്ങനെ 60363.18 കോടി രൂപയുടെ 1050 പദ്ധതികള്‍ക്കും 20000 കോടിയുടെ 7 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കുമായി ചേര്‍ത്ത് ആകെ 80,363.18 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് കിഫ്ബി അനുതി നല്‍കിയിട്ടുള്ളത്. 2023 ഏപ്രില്‍ 30 വരെയുളള കണക്ക് പ്രകാരം ഇതില്‍ 24,273.01 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളിൽ കൂടുതല്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതോടെ അടിസ്ഥാനസൗകര്യവികസനത്തില്‍ ഒരു കുതിച്ചുചാട്ടത്തിനാകും കേരളം സാക്ഷ്യം വഹിക്കുക.