ആകാശ എയർ ഓഹരി വിപണിയിലേക്ക്:ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര സർവീസും

0
193

ഇന്ത്യയിലെ ഏറ്റവും പുതിയ വ്യോമയാന കമ്പനിയായ ആകാശ എയർ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബൈ. ഈ വർഷം തന്നെ അന്താരാഷ്ട്ര റൂട്ടുകളിൽ സർവിസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പുതിയ വിമാനങ്ങൾക്ക് കമ്പനി ഓർഡർ നൽകിയിട്ടുണ്ട്. 76 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്കാണ് ഓർഡർ നല്കിയിരിക്കുന്നത്.


മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഡൽഹി എന്നിവയുൾപ്പെടെ 16 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലായി 750-ലധികം പ്രതിവാര വിമാന സർവീസുകളാണ് 14 മാസം മുൻപ് പ്രവർത്തനമാരംഭിച്ച ആകാശ എയർ നടത്തുന്നത്. റിയാദ്, ജിദ്ദ, ദോഹ, കുവൈത്ത് എന്നീ അന്താരാഷ്ട്ര റൂട്ടുകളിൽ സർവിസ് നടത്തുന്നതിന് കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ റൂട്ടുകളിൽ ഉടൻ സർവീസ് ആരംഭിക്കും.


ഇൻഡിഗോയും സ്പൈസ് ജെറ്റും മാത്രമാണ് നിലവിൽ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വ്യോമയാന കമ്പനികൾ. സാമ്പത്തിക പ്രതിസന്ധി മൂലം 2019ൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ്എയറും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നു.