ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഇതുവരെ കരുതിയതിനേക്കാൾ പഴക്കമുണ്ടെന്ന് വിദഗ്ധർ. ചന്ദ്രന്റെ പ്രായം 4.46 ബില്യൺ (446 കോടി) വർഷമാണെന്നാണ് പുതിയ കണ്ടെത്തൽ. 1972-ൽ അപ്പോളോ 17ലെ ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്ര ശിലകൾ പഠിച്ച ശേഷമാണ് ഈ നിഗമനത്തിലേക്ക് എത്തിയത്. ചിക്കാഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നൽകിയത്. നിലവിൽ വിശ്വസിക്കുന്നതിനേക്കാൾ നാല് കോടി വർഷം കൂടി പഴക്കമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.
സൗരയൂഥം രൂപീകൃതമായി ഏകദേശം 108 ദശലക്ഷം വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രന്റെ രൂപീകരണമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ സൗരയൂഥം രൂപീകൃതമായി ഏകദേശം 60 ദശലക്ഷം വർഷത്തിന് ശേഷം ചന്ദ്രൻ ഉണ്ടായെന്നാണ് പുതിയ നിഗമനം. സൗരയൂഥത്തിന് ശേഷം ചന്ദ്രന്റെയും ഭൂമിയുടെയും ചരിത്രവും സ്വാധീനവും മനസ്സിലാക്കാൻ കൃത്യമായ പ്രായം അറിയുന്നത് സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ചന്ദ്രൻ ഇല്ലെങ്കിൽ ഭൂമിയിലെ ജീവൻ വ്യത്യസ്തമായി കാണപ്പെടുമെന്നും, ചന്ദ്രന്റെ പ്രായം കൃത്യമായി മനസ്സിലാക്കുന്നത് വലിയ നേട്ടമാണെന്നും പഠനത്തിന് നേതൃത്വം നല്കിയവരിൽ ഒരാളായ പ്രൊഫസർ ഫിലിപ്പ് ഹെക്ക് പറഞ്ഞു.
ചൊവ്വയുടെ വലിപ്പമുള്ള വസ്തുവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായതെന്നാണ് ശാസ്ത്രവാദം. 1972-ൽ ശേഖരിച്ച ചന്ദ്രന്റെ സാമ്പിളുകളിൽ കണ്ടെത്തിയ ‘സിർക്കോൺ’ എന്ന ധാതു ശാസ്ത്രജ്ഞർ പഠിച്ചു. ചന്ദ്രനിലെ പാറയുടെ കഷ്ണത്തിനുള്ളിലെ ആറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. ഇലക്‌ട്രോണുകളുടെ ഒരു ഫോക്കസ്ഡ് ബീം ഉപയോഗിച്ചാണ് പ്രായ നിർണയ പരീക്ഷണം നടത്തിയത്. പഠനം ശാസ്ത്ര ജേണലായ ജിയോകെമിക്കൽ പെർസ്പെക്റ്റീവ് ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ചു.