കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോയെക്കുറിച്ച് കൂടുതൽ അറിയാം.
കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബറില്‍ ആറ് മാസം പൂര്‍ത്തിയായി. ഈ ചുരുങ്ങിയ കാലയളവില്‍ പത്ത് ലക്ഷത്തോളം ആളുകളാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബോട്ടുകളുടെ ഫ്‌ളീറ്റ് കൊച്ചി വാട്ടർ മെട്രോയ്ക്കാണ്. കൊച്ചിയിലെ ദ്വീപുകളെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കുന്ന ഈ പദ്ധതി ലോക ടൂറിസം ഭൂപടത്തില്‍ കൊച്ചിയുടെ മാറ്റ് കൂട്ടുന്നതാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വ്വീസ് നടത്തും. ഇതിന്‍റെ ആദ്യ ഘട്ടമായാണ് 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ – വൈപ്പിന്‍ – ബോല്‍ഗാട്ടി ടെര്‍മിനലുകളില്‍ നിന്നും വൈറ്റില – കാക്കനാട് ടെര്‍മിനലുകളില്‍ നിന്നും നിലവില്‍ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്കില്‍പ്പെടാതെ 20 മിനിറ്റില്‍ താഴെ സമയം കൊണ്ട് ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്ക് എത്താം. വൈറ്റിലയില്‍ നിന്ന് കാക്കനാടേയ്ക്ക് 25 മിനിറ്റിനകം എത്താനാകും.
ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസ് ആണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഫോര്‍ട്ട് കൊച്ചി, മുളവുകാട് നോര്‍ത്ത്, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാന ടെര്‍മിനലുകളില്‍ ഒന്നായ ഫോര്‍ട്ട് കൊച്ചി ടെര്‍മിനലിന്‍റെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മട്ടാഞ്ചേരി ടെര്‍മിനലിന്‍റെ നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുകയാണ്.
പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇലക്ട്രിക് ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാര്‍ഡില്‍ പൊതുഗതാഗത ബോട്ടുകളുടെ വിഭാഗത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ ബോട്ട് പുരസ്കാരം നേടിയിരുന്നു. ഇക്കണോമിക് ടൈംസ് ഏര്‍പ്പെടുത്തിയ 2023ലെ എനര്‍ജി ലീഡര്‍ഷിപ്പ് അവാര്‍ഡിലും മാരിടൈം മേഖലയിലെ ഷിപ്ടെക് പുരസ്കാരത്തിലും ഇന്‍റര്‍നാഷണല്‍ പ്രൊജക്റ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിലും തിളങ്ങാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചു.
ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വീല്‍ചെയറില്‍ വരുന്ന വ്യക്തികൾക്ക് പരസഹായമില്ലാതെ ബോട്ടില്‍ പ്രവേശിക്കാം. വേലിയേറ്റ വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്ളോട്ടിംഗ് പോണ്ടൂണുകള്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതയാണ്. യാതൊരു തരത്തിലുള്ള മലിനീകരണത്തിനും ഇടവരാത്ത രീതിയിലാണ് വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനം. തുച്ഛമായ തുകയില്‍ സുരക്ഷിതമായ യാത്രയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ശീതികരിച്ച ബോട്ടുകളില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര – പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും.
വാട്ടര്‍ മെട്രോ ടെര്‍മിനലുകള്‍ വരുന്നത് വഴി വിവിധ ദ്വീപുകളിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാനും സാധിക്കും. കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുക മാത്രമല്ല ടൂറിസം സാധ്യതകളെ മുന്നില്‍ നിര്‍ത്തി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചു. നഗരവുമായി ബന്ധിപ്പിക്കുന്ന ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകളിലെ നിവാസികളുടെ യാത്ര ദുരിതങ്ങള്‍ക്ക് വാട്ടര്‍ മെട്രോ ടെര്‍മിനല്‍ ആശ്വാസമാകും.