ലോകത്തിലെ ആദ്യ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവളം: സിയാലിനെക്കുറിച്ച് കൂടുതൽ അറിയാം

0
287

ഇന്ത്യയില്‍ പൊതു-സ്വകാര്യമേഖല പങ്കാളിത്തത്തോടെ ആരംഭിച്ച ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം. വന്‍കിട പദ്ധതികള്‍ സ്വകാര്യ മേഖലയ്ക്കു മാത്രമല്ല സര്‍ക്കാര്‍ പങ്കാളിത്തത്തോടെയും വിജയിപ്പിക്കാമെന്നതിന്‍റെ തെളിവായ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍) നെക്കുറിച്ച് കൂടുതൽ അറിയാം.

1999ല്‍ എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയില്‍ യാഥാര്‍ത്ഥ്യമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവളമാണ്. 30 രാജ്യങ്ങളില്‍ നിന്നായി 19,000-ല്‍ അധികം നിക്ഷേപകരുള്ള സിയാലില്‍ സംസ്ഥാന സര്‍ക്കാരിന് 32.41 ശതമാനം ഓഹരിയുണ്ട്. 267.17 കോടി രൂപയാണ് 2022-23 സാമ്പത്തിക വർഷത്തെ സിയാലിന്റെ അറ്റാദായം. വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതവുമാണിത്. പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കണ്ടുതുടങ്ങിയതോടെ 2021-22 ല്‍ കമ്പനിയുടെ മൊത്തവരുമാനം 418.69 കോടി രൂപയായി. 2022-23 ല്‍ മൊത്തവരുമാനം 770.90 കോടി രൂപയായി ഉയര്‍ന്നു. 2022-23 ല്‍ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാനസര്‍വീസുകളും കൈകാര്യം ചെയ്തു. സിയാലിന്‍റെ നൂറുശതമാനം ഓഹരിയുള്ള ഉപകമ്പനികളുടേയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്.

സുസ്ഥിര ഊര്‍ജ സമ്പ്രദായങ്ങളോടുള്ള പ്രതിബദ്ധതയാണ് സിയാലിന്‍റെ ശ്രദ്ധേയമായ മറ്റ് പ്രധാന നേട്ടങ്ങളിലൊന്ന്. ഹരിതോര്‍ജ ഉപയോഗത്തിലൂടെ സിയാല്‍ ആരോഗ്യകരമായ ചുവടുവയ്പ്പ് നടത്തി കഴിഞ്ഞു. എയര്‍പോര്‍ട്ട് പോലുള്ള ഉയര്‍ന്ന ഊര്‍ജ ഉപഭോഗമുള്ള സ്ഥലങ്ങളിലും ഹരിത ഊര്‍ജത്തെ ആശ്രയിക്കാന്‍ കഴിയുമെന്ന് തെളിയിച്ച സിയാലിന്‍റെ നൂതനാശയങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ ‘ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്’ അവാര്‍ഡിന് സിയാലിനെ അര്‍ഹമാക്കി.

2015 ലാണ് പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായി സിയാൽ മാറിയത്. നിലവില്‍ 73 ദശലക്ഷം യൂണിറ്റ് ഊര്‍ജ്ജം വാര്‍ഷികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിദിനം 2 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാ‍ദിപ്പിക്കുമ്പോള്‍ കമ്പനിയുടെ പ്രതിദിന വൈദ്യുതി ഉപഭോഗം 1.6 ലക്ഷം യൂണിറ്റാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് തൊട്ടുപിന്നിലായി കേരളത്തിലെ രണ്ടാമത്തെ വലിയ വൈദ്യുതി ഉത്പ്പാദകരായി സിയാല്‍ മാറി.

പയ്യന്നൂരിലെ 12 മെഗാവാട്ട് സോളാര്‍ പ്ലാന്‍റ്, കോഴിക്കോട് അരിപ്പാറയിലെ നദീജല പദ്ധതിയുടെ 4.5 മെഗാവാട്ട് റണ്‍, സ്വകാര്യ ജെറ്റ് സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേ കൂടിയായ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ എന്നീ മൂന്ന് മെഗാ പ്രോജക്ടുകള്‍ക്ക് ആരംഭം കുറിക്കാനും കമ്പനിക്ക് കഴിഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് മികച്ച സൗകര്യങ്ങളോടെ അന്താരാഷ്ട്ര റൂട്ടുകള്‍ വികസിപ്പിക്കുന്നതിലും സിയാല്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുണ്ട്.

യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച തുടങ്ങിയവ മുന്‍നിര്‍ത്തി അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നൂതന പദ്ധതികള്‍ക്ക് സിയാല്‍ തുടക്കം കുറിച്ചു കഴിഞ്ഞു. രാജ്യാന്തര ടെര്‍മിനല്‍ വികസനം, ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ലക്ഷ്വറി എയ്റോ ലോഞ്ച്, ഡിജിയാത്ര ഇ-ബോര്‍ഡിങ് സോഫ്റ്റ് വെയര്‍, അടിയന്തര രക്ഷാസംവിധാനം, ആധുനികവല്‍ക്കരണം, ഇലക്ട്രോണിക് സുരക്ഷാവലയം, ഗോള്‍ഫ് റിസോര്‍ട്സ് & സ്പോര്‍ട്സ് സെന്‍റര്‍ എന്നിവയാണവ. 163-ഓളം വികസന പദ്ധതികളാണ് സിയാല്‍ ഭാവിയിലേക്ക് മാറ്റിവെച്ചിരിക്കുന്നത്.

വ്യോമയാന വ്യവസായത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം താജ് ഗ്രൂപ്പുമായി സഹകരിച്ച് പുതിയ 5 സ്റ്റാര്‍ ഹോട്ടല്‍ നിര്‍മ്മാണം, ട്രാന്‍സിറ്റ് താമസസൗകര്യം, നവീകരിച്ച കാര്‍ഗോ ടെര്‍മിനലുകള്‍, പാര്‍ക്കിംഗ് ബേകള്‍, അന്താരാഷ്ട്ര ടെര്‍മിനലിന് മുന്നിലുള്ള വാണിജ്യ ഇടങ്ങള്‍, അധിക വിമാന സര്‍വീസുകള്‍ എന്നിവയുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നോണ്‍ – എയ്റോ വിഭാഗത്തില്‍ കൂടി വികസനം വ്യാപിപ്പിക്കുകയാണ്. ആഭ്യന്തര, വിദേശ കാരിയറുകളുടെ എയര്‍ക്രാഫ്റ്റ് ‘മെയിന്‍റനന്‍സ്, റിപ്പയര്‍, ഓപ്പറേഷന്‍’ സേവനങ്ങള്‍ക്കുള്ള സുപ്രധാന കേന്ദ്രമായി സിയാലിനെ മാറ്റാനുമുള്ള മാര്‍ഗങ്ങളും കമ്പനി വിഭാവനം ചെയ്യുന്നുണ്ട്.

പ്രവര്‍ത്തന കാര്യക്ഷമതയ്ക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും അര്‍ഹമായ പ്രശസ്തി ഇതിനോടകം സിയാല്‍ നേടിയിട്ടുണ്ട്. ‘എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്‍റര്‍നാഷണലിന്‍റെ ഏഷ്യ-പസഫിക് റീജിയണില്‍ 5 മുതല്‍ 15 ദശലക്ഷം യാത്രക്കാരുള്ള ‘മികച്ച എയര്‍പോര്‍ട്ട്’ എന്ന അംഗീകാരം കഴിഞ്ഞ നാല് വര്‍ഷമായി സിയാലിന് കരസ്ഥമാക്കാന്‍ കഴിഞ്ഞു.