ഡിജിറ്റൽ കറൻസി പ്രോത്സാഹനം:ഇ-രൂപയിലുള്ള ഇടപാടുകൾക്ക് ആനുകൂല്യങ്ങൾ നൽകാൻ ബാങ്കുകൾ

0
321

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ-രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകാൻ രാജ്യത്തെ ബാങ്കുകൾ. ഡിജിറ്റൽ കറൻസിയിലുള്ള ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന് ക്യാഷ്-ബാക്ക്, റിവാർഡ് പോയിന്റുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ നൽകിയിരിക്കുന്നതിന് സമാനമായ മറ്റ് പ്രമോഷണൽ ഓഫറുകൾ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.

ഈ വർഷാവസാനത്തോടെ പ്രതിദിനം ഒരു ദശലക്ഷം ഇടപാടുകൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആർബിഐ കഴിഞ്ഞ വർഷമാണ് ഇ-റുപീ പൈലറ്റ് പ്രോഗ്രാം ആരംഭിച്ചത്. പ്രതിദിനം ശരാശരി 25,000 ഇടപാടുകളാണ് ഇപ്പോൾ നടക്കുന്നത്. ലക്ഷ്യം വെച്ചതിനേക്കാൾ വളരെ കുറവാണിത്. ഈ സാഹചര്യത്തിലാണ് ഇ-രൂപ ഉപയോഗിച്ചുള്ള ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന് , ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കണമെന്ന് ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടത്.

കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി, ഇന്ത്യയിലെ ജനപ്രിയ തത്സമയ പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസുമായി (യുപിഐ) ഡിജിറ്റൽ കറൻസിയെ ബന്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പുതിയ സവിശേഷതകളും സെൻട്രൽ ബാങ്ക് അവതരിപ്പിച്ചു. വിവിധ ഇടപാടുകൾക്കായി ഇ-രൂപ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ലളിതമാക്കാനും മെച്ചപ്പെടുത്താനും ഈ സംയോജനം സഹായകമാകും.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകൾ ഇ-രൂപ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും പാരിതോഷികങ്ങളും ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രമുഖ ബാങ്കുകളും വരും മാസങ്ങളിൽ ഓഫറുകൾ അവതരിപ്പിക്കും. ഈ പദ്ധതികൾ ഡിജിറ്റൽ കറൻസിയുടെ ഉപയോഗം വർദ്ധിപ്പിച്ച് ഇന്ത്യയെ പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.