അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും അധികാരശ്രേണിയിലേക്കും സമഗ്രശാക്തീകരണത്തിലേക്കും സ്ത്രീകളെ നയിക്കുന്ന പ്രസ്ഥാനം. ഇരുപത്തിയഞ്ച് വര്‍ഷത്തെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ സമഗ്ര ശാക്തീകരണം കൈവരിക്കാന്‍ കഴിഞ്ഞ കുടുംബശ്രീയെക്കുറിച്ച് കൂടുതൽ അറിയാം.
ലോകത്തിനു മുന്നില്‍ സമഗ്രശാക്തീകരണത്തിന്‍റെ ഉത്തമ മാതൃകയായി ഉയര്‍ത്തി കാട്ടാവുന്നതാണ് കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ ചരിത്രം. ദാരിദ്ര്യത്തെ മറികടന്ന സാധാരണക്കാരായ സ്ത്രീകളുടെ അതിജീവനവും സാമ്പത്തികവും സാമൂഹികവും മാനസികവും ബൗദ്ധികവുമായ വികാസവും ഉള്‍പ്പെടെയുള്ള വികസന ചരിത്രമാണ് കുടുംബശ്രീയുടേത്. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയാണ് മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകള്‍ അംഗങ്ങളായുള്ള കുടുംബശ്രീയെന്ന ത്രിതല സംഘടനാ സംവിധാനം.
ഏതൊരു രാജ്യത്തിന്‍റെയും വികസന സ്വപ്നങ്ങള്‍ പൂര്‍ണമായും സാക്ഷാത്കരിക്കണമെങ്കില്‍ ദാരിദ്ര്യമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കിയേ തീരൂ. ദാരിദ്ര്യം ഇല്ലായ്മ ചെയ്തു കൊണ്ട് സ്ത്രീശാക്തീകരണം സാധ്യമാക്കുകയെന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തി ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1998 മെയ് 17നാണ് കുടുംബശ്രീ രൂപീകൃതമായത്. തൊഴിലും വരുമാനവും കണ്ടെത്താനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനും അതിലൂടെ ദാരിദ്ര്യത്തെ ലഘൂകരിക്കാനും സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ശ്രമകരമായ ദൗത്യം കുടുംബശ്രീ ഏറ്റെടുത്തു. ഗാര്‍ഹിക ഉത്തരവാദിത്വങ്ങളുമായി അടുക്കളയിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിലേക്കാണ് കുടുംബശ്രീ വെളിച്ചം വീശിയത്.
അയല്‍ക്കൂട്ടങ്ങളില്‍ സൂക്ഷ്മസമ്പാദ്യം പ്രോത്സാഹിപ്പിക്കുകയും അതില്‍ നിന്നും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി വായ്പ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ വീട്ടുമുറ്റത്തെ ബാങ്കായി അയല്‍ക്കൂട്ടങ്ങള്‍ മാറി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഭാഗമായി നിലവില്‍ 8029.47 കോടി രൂപയുടെ നിക്ഷേപം അയല്‍ക്കൂട്ടങ്ങളുടേതായി ഇന്ന് സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ഇന്‍ഷുറന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ച് ‘ജീവന്‍ ദീപം ഒരുമ’ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 11.31 ലക്ഷം അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും സാധിച്ചു.
കുടുംബശ്രീ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഇന്ന് സംസ്ഥാനമൊട്ടാകെ 1,08,464 സൂക്ഷ്മസംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു ലക്ഷത്തോളം വനിതകള്‍ ഇതില്‍ അംഗങ്ങളാണ്. ഉത്പാദന സേവന മേഖലകളില്‍ വൈവിധ്യമാര്‍ന്ന തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനും അതിലൂടെ സ്ത്രീകള്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിനും കുടുംബശ്രീക്ക് സാധിച്ചു. ഇപ്രകാരം ഓരോ പ്രദേശത്തും കൂടുതല്‍ തൊഴില്‍ സംരംഭങ്ങളും വരുമാന സാധ്യതകളും ഉയര്‍ത്തിക്കൊണ്ട് വരുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിലും കുടുംബശ്രീ വലിയ പങ്കാണ് വഹിക്കുന്നത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികളുടെ ഭാഗമായി 96864 പേര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിനും 72412 പേര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനും കഴിഞ്ഞു.
ഒ.എന്‍.ഡി.സി ഡിജിറ്റല്‍ പ്ലാറ്റ്ഫോം അടക്കമുള്ള ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് കൂടി കുടുംബശ്രീ കടന്നിരിക്കുകയാണ്. ഈ രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി സംരംഭകര്‍ക്ക് വരുമാന വര്‍ധനവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുത്തന്‍ ചുവട് വയ്പ്. കുടുംബശ്രീ ബസാര്‍ഡോട്ട്കോം (kudumbashreebazaar.com) കൂടാതെ ആമസോണ്‍ സഹേലി, ഫ്ളിപ്കാര്‍ട്ട് എന്നിവയിലൂടെയും ഉത്പന്ന വിപണനം കാര്യക്ഷമമാക്കിയിട്ടുണ്ട്.
കുടുംബശ്രീ മുഖേന 1108 ജനകീയ ഹോട്ടലുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. അമൃതം ന്യൂട്രിമിക്സ് നിര്‍മിച്ചു വിതരണം ചെയ്യുന്ന ‘ന്യൂട്രിമിക്സ്’ പദ്ധതി, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുമായി സഹകരിച്ച് അജൈവ മാലിന്യ സംസ്കരണത്തിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മസേന, കെട്ടിട നിര്‍മാണരംഗത്ത് സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍, ‘എറൈസ്’ മള്‍ട്ടി ടാസ്ക് ടീമുകള്‍ എന്നിവയും കുടുംബശ്രീ വിജയിപ്പിച്ച പദ്ധതികളാണ്. കൊച്ചി റെയില്‍ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. നിലവില്‍ 555 വനിതകള്‍ ഇവിടെയുണ്ട്. കൊച്ചി വാട്ടര്‍ മെട്രോയിലും തിളങ്ങുന്നത് കുടുംബശ്രീയുടെ പെണ്‍കരുത്താണ്.
സാമൂഹ്യ സുരക്ഷാ മേഖലയില്‍ പാവപ്പെട്ടവര്‍ക്ക് തണലൊരുക്കുന്ന പ്രവര്‍ത്തനങ്ങളും കുടുംബശ്രീ നടത്തുന്നുണ്ട്. സാമൂഹ്യ സുരക്ഷാ മേഖലയില്‍ കുടുംബശ്രീയുടെ ഏറ്റവും ശക്തമായ ഇടപെടലിന്‍റെ ഉദാഹരണമാണ് ബഡ്സ് സ്കൂളും പുനരധിവാസ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള ബഡ്സ് സ്ഥാപനങ്ങള്‍. 11092 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 330 ബഡ്സ് സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് 28528 ബാലസഭകളില്‍ അംഗങ്ങളായ 4,26,509 കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനും അതോടൊപ്പം വികസന പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. കാസര്‍ഗോഡ് കന്നഡ മേഖലയിലെ വനിതകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ‘കന്നഡ സ്പെഷ്യല്‍ പ്രോജക്ട്’ പദ്ധതിക്ക് കുടുംബശ്രീ തുടക്കമിട്ടു കഴിഞ്ഞു. ആധുനിക കാലത്തെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും അംഗങ്ങളെ പ്രാപ്തരാക്കാനായി സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ പുനരവതരിപ്പിക്കുന്ന മാതൃകയില്‍ ‘ബാക്ക് ടു സ്കൂള്‍’ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
കുടുംബശ്രീക്ക് ശക്തമായ ഒരു യുവനിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 19,544 ഓക്സിലറി ഗ്രൂപ്പുകള്‍ക്കും രൂപം നല്‍കി. ഓക്സിലറി ഗ്രൂപ്പുകളിലെ വിദ്യാസമ്പന്നരായ യുവതികളുടെ ബൗദ്ധിക ശേഷിയും ഊര്‍ജ്ജസ്വലതയും പ്രയോജനപ്പെടുത്തിക്കൊണ്ട് സംസ്ഥാനമൊട്ടാകെ സംരംഭ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി തുടക്കമിട്ട ‘ഷീ സ്റ്റാര്‍ട്ട്സ്’ പദ്ധതിക്ക് ഏറെ സ്വീകാര്യത ലഭിച്ചു. എന്‍.യു.എല്‍.എം പദ്ധതി വഴി നഗരമേഖലയിലെ നഗരദരിദ്രരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിലും സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന എന്‍.യു.എല്‍.എം പദ്ധതി സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന് തുടര്‍ച്ചയായി ആറു തവണ ദേശീയ പുരസ്കാരവും കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്.
ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിലൂടെ, സ്ത്രീശാക്തീകരണം എന്ന മഹനീയ ലക്ഷ്യം അതിന്‍റെ സമഗ്രതയില്‍ കൈവരിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും അധികാര കസേരയിലേക്ക് വരെ എത്താന്‍ കഴിഞ്ഞ അയല്‍ക്കൂട്ട വനിതകള്‍ നിരവധിയാണ്. ഇപ്രകാരം കേരളീയ സ്ത്രീസമൂഹത്തെ മുന്നോട്ടു നയിച്ചു കൊണ്ടും പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയക്ക് കരുത്തേകിയും പുതിയ വികസന ചക്രവാളങ്ങള്‍ എത്തിപ്പിടിക്കുകയാണ് കുടുംബശ്രീ.