ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി ഇന്ത്യയുടെ ഇന്ദ്രി. വിവിധ റൗണ്ടുകളിലായി നടന്ന രുചി പരിശോധനയ്ക്ക് ഒടുവിലാണ് ഇന്ദ്രി എന്ന സിംഗിള്‍ മാള്‍ട്ട് വിസ്കി നേട്ടം കൈവരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിസ്കികളുമായിട്ടായിരുന്നു ഹരിയാനയില്‍ നിര്‍മ്മിക്കുന്ന ഇന്ദ്രിയുടെ പോരാട്ടം.
സ്കോച്ച്, ബര്‍ബണ്‍, കനേഡിയന്‍, ഓസ്ട്രേലിയന്‍, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട് എന്നിവയെ പിന്തള്ളിയാണ് ഇന്ദ്രിയുടെ നേട്ടം. ഹരിയാനയിലെ പികാഡിലി ഡിസ്റ്റിലറീസ് ആണ് 2021ൽ ലോഞ്ച് ചെയ്ത ഇന്ദ്രിയുടെ നിർമാതാക്കള്‍. ഇന്ത്യയിലെ ആദ്യ ട്രിപ്പിള്‍ ബാരല്‍ സിംഗിള്‍ മാള്‍ട്ട് കൂടിയാണ് ഇന്ദ്രി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 14 അന്താരാഷ്ട്ര അവാര്‍ഡുകളാണ് ഇന്ദ്രി സ്വന്തമാക്കിയത്.
രാജ്യത്തെ 19 സംസ്ഥാനങ്ങളിലും 17 ലോകരാജ്യങ്ങളിലും ഇന്ദ്രി പ്രശസ്തമാണ്. ജീവിത ശൈലികള്‍ മാറുന്നതിന് അനുസരിച്ച് രാജ്യത്ത് വിസ്കിയുടെ ഉപഭോഗം വർധിക്കുന്നതായാണ് കണക്കുകള്‍. നേരത്തെ രാജ്യത്തെ മുന്‍ നിര മദ്യ നിര്‍മാതാക്കളായ അലൈഡ് ബ്ലെൻഡേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സ് പ്രൈവറ്റ് റഷ്യൻ വിപണിയിലേക്ക് കടന്നിരുന്നു. യുക്രൈൻ അധിനിവേശത്തിന് ശേഷം റഷ്യയിൽ നിന്നും പടിയിറങ്ങിയ പാശ്ചാത്യ മദ്യ ബ്രാൻഡുകൾക്ക് പകരമായാണ് ഇന്ത്യൻ ബ്രാൻഡ് റഷ്യൻ വിപണിയിലേക്ക് പ്രവേശിച്ചത്.