രാജ്യത്തെ ആദ്യത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് ട്രയൽ അവതരിപ്പിച്ച് റിലയൻസ് ജിയോയും ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബും. ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) വേദിയിലാണ് ട്രയൽ ആരംഭിച്ചത്. ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കുകളും ടെലികോം ടവറുകളും ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ പോലും ഉപഗ്രഹങ്ങൾ വഴി അതിവേഗ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
ഡയറക്ട്-ടു-ഹോം, ഡിഷ് ടിവി സേവനം പോലെ, കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള ചെറിയ ഡിഷ് ആന്റിനകളിലൂടെയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് വിതരണം ലഭ്യമാകുക. 5ജി യുടെ വരവിനുശേഷം രാജ്യം സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ യുഗത്തിലേക്ക് നീങ്ങുകയാണ്. സാറ്റലൈറ്റ് ഇന്റർനെറ്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സർക്കാർ ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. അതിനുശേഷം സേവനം വ്യാപകമാകും.