ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പേർ വിദേശ വിദ്യാഭ്യാസം തേടി പോകുന്നത് യു.സ്, യു.കെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്ക്. ഈ നാല് രാജ്യങ്ങളിലായി ഏകദേശം 8.5 ലക്ഷം വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതെന്നാണ് വൺസ്റ്റെപ്പ് ഗ്ലോബൽ യൂണിവേഴ്സിറ്റി ലിവിംഗ് റിപ്പോർട്ട്. ഈ രാജ്യങ്ങൾക്കൊപ്പം ജർമനി, കിർഗിസ്ഥാൻ, അയർലൻഡ്, സിംഗപ്പൂർ, റഷ്യ, ഫിലിപ്പീൻസ്, ഫ്രാൻസ്, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങളും ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാൻ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
ഇന്ത്യയിൽ പഞ്ചാബിൽ നിന്നാണ് ഏറ്റവുമധികം പേർ വിദേശത്തേക്ക് പഠനത്തിനായി പോകുന്നത്. 12.5 ശതമാനമാണിത്. ആന്ധ്രാപ്രദേശ്/തെലങ്കാന (12.5%), മഹാരാഷ്ട (12.5%), ഗുജറാത്ത് (8%), ഡൽഹി/എൻസിആർ (8%), തമിഴ്നാട് (8%), കർണാടക (6%) എന്നിങ്ങനെയാണ് വിദേശ വിദ്യാഭ്യാസം തേടിപ്പോകുന്ന വിദ്യാർത്ഥികളുടെ കണക്ക്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നായി 33 ശതമാനം വിദ്യാർത്ഥികളും വിദേശ പഠനം നേടുന്നു.
2019ൽ ഏകദേശം 11 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശ പഠനത്തിനായി വിവിധ രാജ്യങ്ങളിലേക്ക് പോയത്. 2022ഓടെ ഇത് 13.24 ലക്ഷം ആയി വർധിച്ചതായും റിപ്പോർട്ട് പറയുന്നു. 15 ശതമാനമാണ് ഇപ്പോഴുള്ള വളർച്ചാ നിരക്കെന്നും 2025ഓടെ വിദ്യാർത്ഥികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം വിദേശ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ ചെലവഴിക്കലും വർദ്ധിച്ചിടുണ്ട്.