കുത്തനെ ഇടിഞ്ഞ് ഡയമണ്ട് വില:വജ്രം വാങ്ങാൻ സുവർണാവസരം

0
121

വജ്ര വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷത്തെ നവരാത്രി-ദസറ കാലയളവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സർട്ടിഫൈഡ് പോളിഷ് ചെയ്ത വജ്രങ്ങളുടെ വിലയിൽ 35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2004 ലെ വിലയ്ക്ക് സമാനമാണ് ചില വജ്രങ്ങളുടെ ഇപ്പോഴത്തെ വില. ചെറിയ വജ്രങ്ങളുടെ വില 10-15 ശതമാനം വരെ കുറഞ്ഞു. റഷ്യ-യുക്രൈൻ സംഘർഷം, യുഎസ്, ചൈന തുടങ്ങിയ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യം, വജ്രങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി എന്നിവയാണ് വില കുറയുന്നതിന് കാരണമായത്.

ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വലിയ വജ്രങ്ങൾ സ്വന്തമാക്കാനുള്ള ഒരു സുവർണ്ണാവസരമാണിത്. 2021ലും 2022ലും ഡയമണ്ട് ആഭരണങ്ങള്‍ക്കുള്ള ഡിമാന്‍റ് സര്‍വകാല റെക്കോര്‍ഡിലായിരുന്നു. എന്നാൽ കോവിഡ് മഹാമാരിക്ക് ശേഷം യാത്രയ്ക്കും വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കുന്നതിനുമാണ് ആളുകള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് സിംനിസ്കി ഗ്ലോബല്‍ റഫ് ഡയമണ്ട് സൂചികയുടെ റിപ്പോര്‍ട്ട് പറയുന്നു.

വില്‍പനയില്‍ വലിയ കുറവുണ്ടായതോടെ കഴിഞ്ഞ മാസം അവസാനത്തോടെ റഫ് ഡയമണ്ടിന്‍റെ ഇറക്കുമതി രണ്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ വ്യാപാരികളുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുന്നത്. അമേരിക്കയില്‍ പോളിഷ് ചെയ്ത ഡയമണ്ട് ആഭരണങ്ങളുടെ വില്‍പന കുത്തനെ കുറഞ്ഞതും ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയും ഡയമണ്ട് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുളള ഡയമണ്ട് ആഭരണങ്ങളുടെ കയറ്റുമതിയില്‍ 25 ശതമാനത്തിന്‍റെ കുറവുണ്ടായി. റഫ് ഡയമണ്ട് ഇറക്കുമതി ചെയ്ത് അത് പോളിഷ് ചെയ്തതിന് ശേഷം കയറ്റുമതി ചെയ്യുന്ന ഇടപാടുകളുടെ 90 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്.