മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിക്ക് തിരി തെളിയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാളായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ വേൾഡ് പ്ലാസ 2023 നവംബർ 1 ന് മുംബൈയിൽ തുറക്കും. പ്രശസ്തമായ ബാന്ദ്ര കുർള കോംപ്ലക്സിൽ 7,50,000 ചതുരശ്ര അടിയിലാണ് ഇന്ത്യയിലെ ഏറ്റവും വലുതും ചെലവേറിയതുമായ ആഡംബര മാൾ സ്ഥിതി ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര ബ്രാൻഡുകളുടെ മുൻനിര സ്റ്റോറുകളുമായാണ് ജിയോ വേൾഡ് പ്ലാസ എത്തുന്നത്. ഫൈൻ-ഡൈനിംഗ് റെസ്റ്റോറന്റുകളുടെ വലിയൊരു നിരയും ജിയോ വേൾഡ് പ്ലാസയിലുണ്ടാകും. 5 ബില്യൺ ഡോളറിന്റെ റീട്ടെയിൽ വ്യവസായമാണ് മുകേഷ് അംബാനി ലക്ഷ്യം വെക്കുന്നത്. കാർട്ടിയർ, ബൾഗരി, ഡിയോർ, ഗുച്ചി, ഐഡബ്ല്യുസി ഷാഫ്‌ഹൗസൻ, ലൂയി വിറ്റൺ, പോട്ട്റി ബാൺ, വെർസാഷേ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ഷോറൂമുകൾ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. ബൾഗരി എന്ന ഇറ്റാലിയൻ ആഡംബര ബാൻഡിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യവരവാണിത്.
നൂറുകണക്കിന് അന്താരാഷ്ട്ര ആഡംബര സ്റ്റോറുകൾ ആയിരിക്കും മാളിൽ ഉണ്ടാകുക. നിലവിൽ ഡി.എൽ.എഫ് എംപോറിയോ, ദി ചാണക്യ, യു.ബി സിറ്റി, ഫീനിക്സ് പലാഡിയം എന്നിവ ഉൾപ്പെടുന്ന ഏതാനും ആഡംബര ഷോപ്പിംഗ് മാളുകളാണ് ഇന്ത്യയിലുള്ളത്. 2023ൽ ഇതുവരെ ഇന്ത്യയുടെ ആഡംബര ഉത്പ്പന്ന വിപണിയിലെ വരുമാനം 65,000 കോടി രൂപയാണ്. വിപണി പ്രതിവർഷം 1.38% വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.