‘ഇന്ത്യക്കാർക്ക് വിസ വേണ്ട’: തായ്‌ലൻഡ് സന്ദര്‍ശിക്കാൻ സുവർണാവസരം

0
205

വിനോദ സഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡിൽ നിന്നൊരു സന്തോഷ വാര്‍ത്ത. നവംബര്‍ പത്ത് മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് തായ്‌ലൻഡ് സന്ദര്‍ശിക്കാം. രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ 2024 മേയ് വരെയാണ് വിസ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 8000 രൂപയാണ് തായ്‌ലൻഡ് സന്ദര്‍ശക വിസയ്ക്ക് ഈടാക്കുന്നത്. ടൂറിസം വകുപ്പിന്‍റെ പ്രഖ്യാപനം അനുസരിച്ച് 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ തായ്‌ലൻഡിൽ താമസിക്കാം.

കഴിഞ്ഞ മാസം ആദ്യം ചൈനയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും തായ്‌ലൻഡ് വിസ ഇളവ് നൽകിയിരുന്നു. റഷ്യയില്‍ നിന്നുള്ളവര്‍ക്കും വിസ ഇല്ലാതെ തായ്‌ലൻഡ് സന്ദർശിക്കാം. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ തായ്‌ലൻഡ് ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്നത് ഇന്ത്യക്കാരാണ്. ഈ വര്‍ഷം ഇതുവരെ 12 ലക്ഷം ഇന്ത്യക്കാരാണ് തായ്‌ലൻഡ് സന്ദർശിച്ചത്.

കോവിഡ് വ്യാപനം വിനോദ സഞ്ചാരത്തെ ബാധിച്ചതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലായിരുന്നു. രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. 28 ദശലക്ഷം വിനോദ സഞ്ചാരികളെയാണ് ഈ വര്‍ഷം തായ്‌ലൻഡ് പ്രതീക്ഷിക്കുന്നത്.